തിരുവനന്തപുരം: പോലീസ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യരുതെന്ന സർക്കുലർ പുറത്തിറക്കി ഗതാഗത കമ്മീഷണർ. മോട്ടോർ വാഹന വകുപ്പ് കേസ് അന്വേഷിച്ചതിന് ശേഷം മാത്രം നടപടിയെടുക്കണമെന്ന് എഡിജിപി എസ് ശ്രീജിത്ത് നിർദ്ദേശം നൽകി. സ്വാഭാവിക നീതി ഉറപ്പുവരുത്തുന്നതിനാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
നിലവിൽ വാഹനാപകടങ്ങളിൽ പോലീസ് തയാറാക്കുന്ന എഫ്‌ഐആർ അടിസ്ഥാനമാക്കിയാണ് എംവിഡി നടപടി സ്വീകരിക്കുന്നത്. എന്നാൽ ഇനി മുതൽ എംവിഡി ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ച് പ്രത്യേകം തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാകണം ലൈസൻസ് സസ്‌പെൻഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർക്കാണ് ഗതാഗത കമ്മീഷണർ സർക്കുലർ കൈമാറിയിരിക്കുന്നത്.
ഇതിന് പുറമെ മറ്റ് ചില നടപടിക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിന് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. അപകടകരമാകുന്ന വിധത്തിൽ വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകുന്നതും ഉൾപ്പെടെയുള്ള കേസുകളിലും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈൽ ഫോണിൽ സംസാരിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസൻസ് സസ്‌പെൻഡ് ചെയ്യും.















