കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ അറസ്റ്റിലായ ഷാജഹാൻ ഷെയിഖിനോട് യാതൊരു സഹതാപവുമില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. നിങ്ങളെ പത്ത് കൊല്ലത്തേക്ക് തിരക്കിലാക്കിലാക്കി തരാമെന്നും കോടതി ഷാജഹാന്റെ അഭിഭാഷകനോട് പറഞ്ഞു. ജാമ്യാപേക്ഷ ഉന്നയിച്ച അഭിഭാഷകന്റെ ആവശ്യം തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അദ്ധ്യക്ഷനായ ബെഞ്ച് ഇത് പറഞ്ഞത്.
ഷാജഹാൻ ഷെയ്ഖിനെ പത്ത് ദിവസത്തെ കോടതി പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. മാർച്ച് പത്തിന് ബാസിർഹത് കോടതിയിൽ ഷാജഹാനെ വീണ്ടും ഹാജരാക്കണം. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച രാവിലെയാണ് നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് പോലീസ് പിടികൂടിയത്. 56 ദിവസത്തെ ഒളിവുജീവിതത്തിന് ഒടുവിലായിരുന്നു അറസ്റ്റ്.
ഏറെനാളായുള്ള ജനകീയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ടിഎംസി നേതാവ് ഷാജഹാനെ പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസിനും തൃണമൂൽ സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ഷാജഹാന്റെ അറസ്റ്റിന് സ്റ്റേ നൽകില്ലെന്നും ഇഡി ഉദ്യോഗസ്ഥർക്കോ സിബിഐയ്‌ക്കോ അറസ്റ്റ് ചെയ്യാമെന്നും കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ഗത്യന്തരമില്ലാതെയാണ് ബംഗാൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ ആരോപണത്തിലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.
ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ സ്ത്രീകളെ ടിഎംസി ഓഫീസിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഭൂമിയും തൊഴിലുറപ്പ് വേതനവും ഇയാൾ തട്ടിയെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബിജെപിയും പ്രതിഷേധം കടുപ്പിച്ചു. തൃണമൂൽ സർക്കാരിന്റെ സംരക്ഷണത്തിലായിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇയാൾക്ക് കിഴടങ്ങേണ്ടി വന്നു.















