വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മുമ്പും വിദ്യാർത്ഥികൾ പരസ്യ വിചാരണയ്‌ക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഇര സിദ്ധാർത്ഥ് മാത്രമല്ല, ഇതിനും മുമ്പും നിരവധി വിദ്യാർത്ഥികളാണ് എസ്എഫ്‌ഐയുടെ വിചാരണ കോടതിയിൽ ഇരയാക്കപ്പെട്ടിട്ടുള്ളത്. കോളേജിലെ മെൻസ് ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് എസ്എഫ്‌ഐ ക്രിമിനൽ സംഘം വിചാരണയും മർദ്ദനവും നടത്തുന്നത്. കോളേജിലെ വാട്ടർ ടാങ്കും പരസ്യ വിചാരണ നടത്താനുള്ള ഇടമാണ്.
എസ്എഫ്‌ഐയുടെ വിചാരണക്കോടതിയായ മെൻസ് ഹോസ്റ്റലിൽ രാത്രിയിൽ വിചാരണ നടത്തി മർദ്ദിക്കും. ഇങ്ങനെ മൂന്ന് തവണയാണ് ഗുണ്ടാസംഘത്തിന്റെ മർദ്ദനത്തിന് സിദ്ധാർത്ഥ് ഇരയായത്. ആദ്യ ദിവസം വാട്ടർ ടാങ്കിന് സമീപത്ത് വച്ചായിരുന്നു മർദ്ദനം. രണ്ടാം ദിവസം നഗ്നനാക്കി അതിക്രൂരമായി മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വച്ചും മർദ്ദിച്ചു. പിന്നീട് കസേരയിൽ ഇരുത്തി കെട്ടിയിട്ട് മർദ്ദിച്ചു. കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും ഇതെല്ലാം പരാമർശിച്ചിട്ടുണ്ട്്. തൂങ്ങിമരിക്കുമ്പോൾ സാധാരണ കാണാത്ത തരത്തിലുള്ള മുറിവ് സിദ്ധാർത്ഥിന്റെ കഴുത്തിലുണ്ടായിരുന്നു. കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.
എസ്എഫ്‌ഐയുടെ വിചാരണ കോടതിയെപ്പറ്റി കോളേജ് അധികൃതർക്കും അറിയാമായിരുന്നു. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ ആരും തയ്യാറായില്ല. കോളേജിനുള്ളിൽ വച്ചുതന്നെ സമാന രീതിയിലുള്ള സംഭവങ്ങൾ ഒതുക്കി തീർത്തു. പരാതിപ്പെടാതിരിക്കാൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗവും കോളേജിൽ വ്യാപകമാണെന്നാണ് വെളിപ്പെടുത്തൽ. 2-ാം വർഷ ബിവിഎസ്സി വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാർഥൻ (20) ആത്മഹത്യ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആൾക്കൂട്ട വിചാരണയും ക്രൂരമർദ്ദനവും മാനസിക പീഡനത്തെയും തുടർന്ന് കഴിഞ്ഞ 18നാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.















