ഭുവനേശ്വർ: പ്രതിരോധ മേഖലയിലെ പുത്തൻ കുതിപ്പ്. വെരി ഷോർട്ട്- റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. ഒഡീഷയിലെ ചന്ദിപ്പൂരിൽ ഫെബ്രുവരി 28,29 തീയതികളിലായാണ് രണ്ട് ഘട്ട പരീക്ഷണം നടന്നത്.
വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉയർന്ന വേഗതയുള്ള ലക്ഷ്യങ്ങൾക്കെതിരെയാണ് പരീക്ഷണങ്ങൾ നടത്തിയത്. എല്ലാ പരീക്ഷണ പറക്കലുകളിലും ലക്ഷ്യം കൈവരിക്കാൻ VSHORADS മിസൈലുകൾക്ക് സാധിച്ചു. ഡ്യുവൽ ത്രസ്റ്റ് സോളിഡ് മോട്ടോർ ചലിപ്പിച്ചാണ് ഇന പ്രവർത്തിക്കുന്നത്. താഴ്ന്ന പ്രതലങ്ങളിലും ഉയർന്ന പ്രതലങ്ങളിലുമുള്ള ആകാശ ഭീഷണികളെ ഒരേ പോലെ തടുക്കാൻ ഇവയ്‌ക്ക് കഴിയും. തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ സിസ്റ്റം പ്രതിരോധ മേഖലയിൽ പുത്തൻ കുതിപ്പിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
മിനിയേച്ചർ റിയാക്ഷൻ കൺട്രോൾ സിസ്റ്റം (ആർസിഎസ്), ഇൻ്റഗ്രേറ്റഡ് ഏവിയോണിക്സ് എന്നിവയുൾപ്പെടെ നിരവധി നൂതന സാങ്കേതിക വിദ്യകൾ VSHORADS മിസൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഎസ്ഒആർഡിഎസിന്റെ വികസന പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന മിസൈൽ സായുധ സേനയ്‌ക്ക് സാങ്കേതിക ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.\