ജയ്പൂർ : രാജസ്ഥാനിലെ അൽവാറിൽ കോളേജ് വിദ്യാർത്ഥിനികളെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഭവം പുറത്തായി. വിദ്യാർത്ഥിനികൾക്കൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന ബബിത ജാതവ് എന്ന കാജൽ, സക്കീന മിയോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . ഇവർക്കൊപ്പം സുഹൃത്ത് വസീമും പിടിയിലായി .
കാജലിന്റെയും സക്കീനയുടെയും സമ്മർദ്ദത്തിൽ മടുത്ത രണ്ട് സഹോദരിമാരും ഫെബ്രുവരി 27 ന് അൽവാറിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു . ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഏതെങ്കിലും മതപരിവർത്തന സംഘത്തിന് ഇതിൽ പങ്കുണ്ടോ എന്നറിയാനും ശ്രമം നടക്കുന്നതായി പോലീസ് പറയുന്നു.
വസീം എന്ന മുസ്ലീം യുവാവുമായി സൗഹൃദം സ്ഥാപിക്കാനും അയാളോടൊപ്പം പുറത്ത് പോകാനും കാജലും, സക്കീനയും സമ്മർദ്ദം ചെലുത്തിയതായും ഇരയായ പെൺകുട്ടികൾ പറയുന്നു. ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലീം ആൺകുട്ടികളെ വിവാഹം കഴിക്കാനും തങ്ങളോട് പറഞ്ഞിരുന്നു . ഇത് മാത്രമല്ല, ഈ പറയുന്നത് കേട്ടില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത് .
അതേസമയം വസീമും ഇവരെ പിന്തുടരാറുണ്ടായിരുന്നു. മുസ്ലീം സമുദായത്തിലെ യുവാക്കളുമായി ചങ്ങാത്തം കൂടിയാൽ പണം നൽകുമെന്നും കാജൽ പറഞ്ഞിരുന്നു .സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയതായി എസ്പി പറഞ്ഞു.