2014 മെയ് 26 ആദ്യ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയ ദിനം. രാജ്യം സുരക്ഷിതമായ, വിശ്വസ്തമായ കരങ്ങളിൽ എത്തിയിട്ട് 10 വർഷത്തിലേക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ കടന്നു പോകുന്ന വേളയിൽ ആഗോളതലത്തിൽ ഭാരതം അതിന്റെ പ്രതാപവും പ്രൗഢിയും വീണ്ടെടുക്കുകയാണ്. നമ്മുടെ ശക്തിയെന്തായിരുന്നു എന്ന് സ്വയം മറന്നു പോയ, അല്ലെങ്കിൽ ആരൊക്കെയോ ബോധപൂർവ്വം വിസ്മരിപ്പിച്ച കാലത്തിൽ നിന്ന് ഭാരതം അതിന്റെ ഓജസും തേജസും വീണ്ടെടുക്കുയാണ്. ആറ് പതിറ്റാണ്ടോളം നീണ്ടുനിന്ന കോൺഗ്രസ് ഭരണം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുകയാണ് ചെയ്തത്. വീണ്ടും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി ആഗതമാകുമ്പോൾ രാജ്യം കൈവരിച്ച, കടന്നു പോകുന്ന മാറ്റങ്ങൾ ഓരോരുത്തരം അറിയണം. ഒരു പതിറ്റാണ്ട് കൊണ്ട് ഭാരതം കടന്നു പോയ നവീകരണ പ്രക്രിയ സമഗ്രമായി വിലയിരുത്തുന്ന പരമ്പര ജനം ഓൺലൈനിൽ ആരംഭിക്കുന്നു…
2014 ഫെബ്രുവരിയില്‍, യുപിഎ സര്‍ക്കാറിന്റെ പ്രതിരോധമന്ത്രിയായിരുന്ന എ. കെ ആന്റണിയോട് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന റഫേൽ കരാറിന്റെ വിഷയം മാദ്ധ്യമങ്ങള്‍ ഉന്നയിച്ചിരുന്നു. ആ സാമ്പത്തിക വര്‍ഷം പണമൊന്നും ബാക്കിയില്ലെന്നും കരാറുമായി മുന്നോട്ട് പോകുന്നില്ലെന്നുമാണ് അന്ന് ആന്റണി നല്‍കിയ മറുപടി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 36 റഫേലുകള്‍ ഫ്രാന്‍സില്‍ നിന്ന് ഭാരതത്തിലേക്ക് കൊണ്ടുവന്നത് ചരിത്രം. ഇതായിരുന്നു ആര്‍ജ്ജവമുള്ള ഭരണകൂടങ്ങൾ തമ്മിൽ വ്യത്യാസം. റഫേല്‍ ഇടപാട് മാത്രമായിരുന്നില്ല, നിര്‍ണായകമായ പല പ്രതിരോധ കരാറുകളും യുപിഎ ഭരണകാലത്ത് കെട്ടിക്കിടക്കുകയായിരുന്നു.
2004 മുതല്‍ ഒരു ദശാബ്ദകാലം രാജ്യത്തിന്റെ പ്രതിരോധ മേഖല സ്തംഭനാവസ്ഥയിലായിരുന്നു. അത് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെ, 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രഥമ പരിഗണന നല്‍കിയത് സേനയുടെ നവീകരണത്തിനായിരുന്നു. സൈന്യത്തിന്റെ കാര്യത്തില്‍ പണം ഒരിക്കലും സര്‍ക്കാരിന് പ്രശ്‌നമായിരുന്നില്ല. പ്രതിരോധ മേഖലയില്‍ നിരവധി പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെ കാലമായിരുന്നു കഴിഞ്ഞ10 വര്‍ഷം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് ധ്രുവ് എന്നിവ കമ്മീഷന്‍ ചെയ്തത് ഇതില്‍ പ്രധാനമാണ്. ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5, ഡിആര്‍ഡിഒ വികസിപ്പിച്ച പിനാക റോക്കറ്റും സേനയുടെ കരുത്തായി. ആന്റി സാറ്റലൈറ്റ് മിസൈലുകളുടെ പരീക്ഷണം മുതല്‍ തദ്ദേശീയ ആണവ അന്തര്‍വാഹിനികളുടെ വികസനത്തിന് വരെ ഈ കാലേയളവ് സാക്ഷ്യം വഹിച്ചു.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലും വാങ്ങാത്ത യുപിഎ സര്‍ക്കാര്‍
2007-2012 വരെയുള്ള 11-ാം പഞ്ചവത്സര പദ്ധതിയില്‍, 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ അത് സൈന്യത്തിന് വാങ്ങി നല്‍കാന്‍ പോലും യുപിഎ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ആധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെയും ബാലിസ്റ്റിക് ഹെല്‍മെറ്റുകളുടെയും ദൗര്‍ലഭ്യത്തിലൂടെ സൈന്യം കടന്നു പോകുന്ന കാലത്താണ് മോദി അധികാരം ഏറ്റെടുത്തത്. പ്രശ്‌നം ശ്രദ്ധയില്‍ പെട്ട കേന്ദ്രസര്‍ക്കാര്‍ 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ടാറ്റാ അഡ്വാന്‍സിന് അടിയന്തര ഇടക്കാല ഓര്‍ഡര്‍ നല്‍കി. 140 കോടിയുടേതായിരുന്നു പ്രസ്തുത കരാര്‍. തുടര്‍ന്ന് 2018ല്‍ 2.20 ലക്ഷം ബുള്ളറ്റ് പ്രൂഫുകള്‍ക്ക് 900 കോടിയുടെ തുടര്‍ ഓര്‍ഡറുകളും നല്‍കി. ഇന്ത്യയില്‍ തന്നെയുള്ള മികച്ച കമ്പനികളെ അവഗണിച്ചായിരുന്നു വിദേശങ്ങളില്‍ നിന്ന് മുന്‍ സര്‍ക്കാരുകള്‍ ഇവ വാങ്ങിയിരുന്നത്.
റഫേല്‍ മുതല്‍ തേജസ് വരെ
2016-പ്രതിരോധ മേഖലയെ സംബന്ധിച്ച് സുപ്രധാന വര്‍ഷമായിരുന്നു. ഫ്രാന്‍സിലെ ദസ്സാള്‍ട്ടില്‍ നിന്നും 59,000 കോടി രൂപയ്‌ക്ക് 36 റഫേല്‍ യുദ്ധവിമാനങ്ങള്‍, വാങ്ങുന്നതിനുള്ള കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചത് ഇതേവര്‍ഷമാണ്. സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകള്‍ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന നാല് പി-8ഐ സമുദ്ര നിരീക്ഷണ വിമാനത്തിനുള്ള കരാറിനും 2016 ല്‍ അംഗീകരം നൽകി. പിന്നിടുള്ള വര്‍ഷങ്ങളില്‍ സേന സാക്ഷ്യം വഹിച്ചത് നിരവധി കരാറുകള്‍ക്കാണ്. 2021 ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി 83 തേജസ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഉടമ്പടിയായി. ഒപ്പം സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മിക്കാന്‍ ടാറ്റയുമായി കരാറാക്കി. ഇത്തരത്തില്‍ 56 എയര്‍ബസുകളാണ് സേനയുടെ ഭാഗമായത്. അപ്പാച്ചെ മുതല്‍ ചിനൂക്ക് വരെയുള്ള അത്യാധുനിക ഹെലികോപ്ടറുകള്‍ക്ക് 2015 ലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഹൂതി ഭീകരരിൽ നിന്ന് ബ്രിട്ടീഷ് കപ്പലിനെ രക്ഷിച്ച് അഭിമാനമായി മാറിയ ഐഎൻഎസ് വിശാഖപട്ടണം 2021 നവംബർ 21നാണ് പ്രതിരോധ മന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. പൂർണ്ണമായും തദ്ദേശീയമായി നിർമിച്ച മിസൈൽ വേധ യുദ്ധക്കപ്പലിന് 163 മീറ്റർ നീളവും 7000 ടൺ ഭാരവുമുണ്ട്. ബ്രഹ്‌മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് കപ്പലിൽ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകളെ വഹിക്കാൻ ശേഷിയിള്ള ഐഎൻഎസ് വിശാഖപട്ടണത്തിന് രാസ-ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിൽ പ്രവർത്തിക്കാനുള്ള കഴിവുമുണ്ട്.

ഇന്ത്യൻ നാവികസേനയുടെ കരുത്ത് ലോകം അറിഞ്ഞ നാളുകളാണ് കടന്നു പോയത്. സോമാലിയൻ കടൽക്കൊള്ളകാരിൽ നിന്നും ഭീകരരിൽ നിന്നും മറ്റു രാജ്യങ്ങളുടെ കപ്പലുകൾ മോചിപ്പിച്ച സംഭവങ്ങൾ ആഗോള തലത്തിൽ നാവികസേനയുടെ യശ്ശസ് ഉയർത്തിയ സംഭവങ്ങളായിരുന്നു. മോദി സർക്കാർ അധികാരമേറ്റതിന് ശേഷം സമുദ്ര സുരക്ഷയ്‌ക്കും നാവികസേനയ്‌ക്കും അതീവ പ്രാധാന്യമാണ് നൽകിയത്. വിവിധ തരത്തിലുള്ള യുദ്ധകപ്പലുകൾ സേനയുടെ ഭാഗമായത് ഇതിന് ചെറിയ ഉദാഹരണം മാത്രമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലെ മിനിക്കോയിൽ ഐഎൻഎസ് ജടായു എന്ന് പേരിൽ സജ്ജീകരിച്ച നേവൽ ബേസിന്റെ കമ്മീഷനിംഗ് മാർച്ച് ആദ്യവാരമാണ് നടന്നത്. ഭാവിയിൽ ഇതിനെ നാവിക താവളമാക്കി മാറ്റാനാണ് പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നത്. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവ ഇനി ലക്ഷദ്വീപിന് സമീപം പ്രവർത്തിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന ഭാരതത്തിന്റെ നീക്കം ഒരേസമയം ചൈനയ്‌ക്കും മാലദ്വീപിനും വൻ പ്രഹരമാണ് സമ്മാനിക്കുന്നത്.
ലോകത്തിലെ രണ്ടാമത്തെ സൈന്യം
ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമാണ് നിലവില്‍ ഭാരതം. 14 ലക്ഷം സൈനികരാണ് നിലവില്‍ സേനയുടെ ഭാഗമായുള്ളത്. പ്രതിരോധ ബജറ്റ് കുതിച്ചുയരുന്നു എന്ന് പലപ്പോഴും മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. എന്നാല്‍ ബജറ്റിന്റെ 25 ശതമാനം പ്രതിരോധ വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണം എന്നിവയ്‌ക്കാണ് വിനിയോഗിക്കുന്നതെന്ന് ബോധപൂര്‍വ്വം മറച്ചുവെച്ചാണ് ഇത്തരം ഒരു ആരോപണം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പാലായ ഐഎന്‍എസ്-വിക്രാന്ത് 2022 സെപ്തംബറിലാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇത്തരത്തില്‍ പ്രതിരോധ മേഖലയില്‍ നിരവധി പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെ കാലമായിരുന്നു കഴിഞ്ഞ 10 വര്‍ഷം. അതിനാല്‍ തന്നെ പ്രതിരോധ ചെലവ് രണ്ട് മടങ്ങ് വര്‍ധിച്ചത് യാദൃശ്ചികവുമല്ല.
പ്രതിരോധ മേഖലയ്‌ക്കായി 5.94 ലക്ഷം കോടിരൂപ
2014 മുതല്‍ സേനയെ നവീകരിക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ബജറ്റ് വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിച്ചു. 5.94 ലക്ഷം കോടി രൂപയാണ് 2023 ലെ പ്രതിരോധ ബജറ്റ്. ചൈന കഴിഞ്ഞാല്‍ ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന തുക മാറ്റിവെക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. വിദേശ ആശ്രിതത്വം കുറയ്‌ക്കുന്നതിന് ആഭ്യന്തര വ്യവസായങ്ങള്‍ക്ക് മാത്രമായി ബജറ്റിന്റെ ഗണ്യമായ ഒരു ഭാഗം സര്‍ക്കാര്‍ നീക്കിവച്ചു. വിദേശത്ത് നിന്നുള്ള പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 46% ആയിരുന്നത് 2022 ഡിസംബറില്‍ 36.7% ആയി കുറഞ്ഞു.
പ്രതിരോധം ആത്മനിര്‍ഭരം
ആത്മനിര്‍ഭര ഭാരതം എന്ന പദം ഏറ്റവും കൂടുതല്‍ രാജ്യം കേട്ടത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി എറ്റവും കൂടുതല്‍ പ്രാവര്‍ത്തികമായതും ഈ രംഗത്താണ്. നിലവില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന നല്ലൊരു ശതമാനം ആയുധങ്ങളും പ്രതിരോധ സാമഗ്രികളും രാജ്യത്ത് തന്നെ നിര്‍മിക്കുന്നതാണ്. പത്ത് വര്‍ഷം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. കൈതോക്കിന് മുതല്‍ യുദ്ധവിമാനങ്ങൾക്ക് വരെ മറ്റ് രാജ്യങ്ങളുടെ കനിവും കാത്ത് നിന്ന് കാലം ഭാരതത്തിനുണ്ടായിരുന്നു. 2014 തന്നെ ഇതിന് ഒരു മാറ്റം വേണമെന്ന് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനം, ഗവേഷണം, വികസനം എന്നിവ എളുപ്പവും സുഗമവുമാക്കാന്‍ നിരവധി നയപരമായ ഭേദഗതികള്‍ നടപ്പാക്കി.
686 കോടിയില്‍ നിന്ന് 16,000 കോടിയിലേക്ക്
2018ൽ ആഭ്യന്തരപ്രതിരോധ വ്യവസായ മേഖല സാക്ഷ്യം വഹിച്ചത് നിരവധി മാറ്റങ്ങൾക്കാണ്. ഇതിൽ ഏറ്റവും പ്രധാനം ഐഡെക്സിന്റെ( iDEX) രൂപീകരണമാണ്. ഇന്നൊവേറ്റർമാർ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, ഡിആർഡിഒ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി രൂപീകരിച്ച കൂട്ടായ്മയാണിത്. ഐഡെക്സിന്റെ പിന്തുണയൊടെയാണ് തമിഴ്നാടിലെയും യുപിയിലെയും പ്രതിരോധ വ്യവസായ ഇടനാഴി കേന്ദ്രസർക്കാർ സ്ഥാപിച്ചത്. ബഹിരാകാശ- പ്രതിരോധ മേഖലയിൽ തദ്ദേശീയ ഉത്പാദനമാണ് പ്രസ്തുത ഇടനാഴിയുടെ പ്രധാന ലക്ഷ്യം.
ടാറ്റയടക്കമുള്ള ഇന്ത്യയുടെ അഭിമാനമായ വ്യവസായ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമായപ്പോൾ സൈന്യത്തിന് ലഭിച്ചത് തദ്ദേശീയമായി നിർമിച്ച നിരവധി പ്രതിരോധ സാമഗ്രികളാണ്. ബ്രഹ്‌മോസിന്റെയും റഫേലിന്റെയും കയറ്റുമതി അടക്കം സാധ്യമാകാൻ പോകുന്നത് ഇതിന്റെ ഫലമായാണ്. 2024-25 സാമ്പത്തിക വർഷം 60,000 കോടി രൂപയുടെ പ്രതിരോധ കരാറുകളാണ് കോറിഡോറിന്റെ ഭാഗമായി കമ്പനികൾക്ക് ലഭിക്കുക. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന https://srijandefence.gov.in/ പോർട്ടലിലൂടെയാണ് കമ്പനികൾക്ക് പ്രതിരോധ ഓർഡറുകൾ ലഭിക്കുന്നത്. ബെംഗളൂരുവിൽ വർഷം തോറും സംഘടിപ്പിക്കുന്ന ഏയർ ഷോ തദ്ദേശീയ ഉത്പാദകരുടെ ശക്തി പ്രകടനത്തിന്റെ വേദികൂടിയാണ്. 80-ലധികം രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കാൻ എത്തുന്നത്. 2023 ൽ നടന്ന പരിപാടിയിൽ 100 വിദേശ കമ്പനികളും 700 തദ്ദേശീയ കമ്പനികളും ഭാഗമായിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവും നടക്കാറുണ്ട്.
85 രാജ്യങ്ങളിലേക്ക് കയറ്റുമതി
ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, പ്രതിരോധ കയറ്റുമതിയിൽ കുതിച്ചുയർന്നത് കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായി തന്നെയാണ്. കയറ്റുമതി സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡിഫൻസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ ഏജൻസി (ഡിഇപിഎ) രൂപീകരണം പ്രതിരോധ മന്ത്രാലത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സുപ്രധാന ചുവടുവെപ്പായിരുന്നു. ഇസ്രായേൽ, അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ജർമ്മനി, ഇറ്റലി തുടങ്ങിയ വികസിത രാജ്യങ്ങൾ ഇന്ന് നമ്മുടെ പ്രതിരോധ സാമഗ്രികളുടെ ഉപഭോക്താക്കളാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 85 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. മറുവശത്ത്, പ്രതിരോധ ഇറക്കുമതി അതിവേഗം കുറയുകയും ചെയ്യുന്നു. പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനായി 91 രാജ്യങ്ങളിൽ സെന്റുകളും പ്രവർത്തിക്കുന്നുണ്ട്. 2014 ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 686 കോടി രൂപയായിരുന്നു, 2023ൽ അത് 16,000 കോടിയായി ഉയർന്നു. 22 ഇരട്ടിയുടെ വർധനവാണ് ഈ രംഗത്ത് മാത്രം ഉണ്ടായത്.
രാജ്യത്ത് നിർമിക്കുന്ന തേജസ് യുദ്ധവിമാനങ്ങൾ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, വിമാനവാഹിനിക്കപ്പലുകൾ എന്നിവയ്‌ക്ക് ആഗോള ആവശ്യം കൂടിവരുകയാണ്. ഡോർണിയർ-228 ഏയർ ക്രാഫ്റ്റ്, 155 എംഎം അഡ്വാൻസ്ഡ് ആർട്ടിലറി ഗൺസ്, ബ്രഹ്‌മോസ് മിസൈലുകൾ, ആകാശ് മിസൈൽ സിസ്റ്റം, റഡാറുകൾ എന്നിവയാണ് ഇന്ത്യയിൽ നിന്നും പ്രധാനമായി കയറ്റുമതി ചെയ്യുന്നത്.
ശക്തമായ നയതന്ത്രവും പ്രതിരോധവും
2024-25 ഓടെ പ്രതിരോധ ഉത്പാദന മേഖലയിൽ 1,75,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. മിസൈൽ മുതൽ യുദ്ധവിമാനങ്ങൾ വരെ നിലവിൽ രാജ്യത്ത് നിന്ന് കയറ്റി അയക്കുന്നുണ്ട്. മിസൈൽ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിം (എംടിസിആർ) അംഗമാകാൻ സാധിച്ചതും മോദി സർക്കാരിന്റെ നേട്ടമായാണ് വിലയിരുത്തുന്നത്. ഭാരതത്തിന്റെ പ്രതിരോധ സാമഗ്രികളിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ആത്മവിശ്വാസവും നാൾക്ക് നാൾ വർദ്ധിച്ച് വരികയാണ്. ഇന്ത്യയുടെ ശക്തമായ വിദേശ ബന്ധവും പ്രതിരോധ കയറ്റുമതിയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തൽ.
പ്രിയ നമ്പ്യാർ