തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ ഘാതകരെ സിപിഎം സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തിയ ഈ കേസ് പോലീസ് അന്വേഷിക്കുന്നത് ഗൗരവമായല്ല. എസ്എഫ്‌ഐയ്‌ക്ക് സംഭവത്തിൽ പങ്കില്ലെന്ന മന്ത്രി പി.രാജീവിന്റെ പരാമർശം കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ളതാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട അധികൃതർ പ്രതികളെ സഹായിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹതയുണർത്തുന്നതാണ്. വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകൾ തകർത്ത് താലിബാൻ മോഡലിൽ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ്എഫ്‌ഐക്കാർ സിദ്ധാർത്ഥിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അവർക്ക് അതിന് ഇടതുപക്ഷക്കാരായ അധികൃതരുടെ പിന്തുണ ലഭിച്ചെന്നത് സിപിഎമ്മിന്റെ ചോരക്കൊതിയൻ സമീപനത്തിന് തെളിവാണ്. അധികൃതർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം.
എസ്എഫ്‌ഐ ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കുകയാണ്. കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിന് ഇൻതിഫാദ് എന്ന പേര് നൽകിയത് ഇതിന് ഉദാഹരണമാണ്. പശ്ചിമേഷ്യൻ ഭീകരവാദ സംഘടനയെ പിന്തുണയ്‌ക്കുന്ന എസ്എഫ്‌ഐ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എസ്എഫ്‌ഐ പ്രവർത്തകനെന്ന പേരിൽ സിദ്ധാർത്ഥിന്റെ വീടിന് മുന്നിൽ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് വച്ചത് മനുഷ്യത്വരഹിതമായ കാര്യമാണ്. പിതാവ് ആവശ്യപ്പെട്ടിട്ടും ഫ്‌ളക്‌സ് എടുത്ത് മാറ്റാൻ തയ്യാറാകാത്ത ഡിവൈഎഫ്‌ഐ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. കൊലപ്പെടുത്തിയ ശേഷവും സിദ്ധാർത്ഥിനെ വേട്ടയാടുന്ന സമീപനമാണ് സിപിഎം കൈകക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.