ചുരുക്കം ചില സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അഭിനേതാവാണ് സന്തോഷ് കീഴാറ്റൂര്‍. പുലിമുരുകൻ എന്ന സിനിമയിൽ മോഹൻലാലിന്റെ അച്ഛനായി വേഷമിട്ടതോടെ സന്തോഷ് കീഴാറ്റൂർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇന്നിതാ ആ കഥാപാത്രം ചെയ്തതിന് ശേഷമുള്ള അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് സന്തോഷ് കീഴാറ്റൂർ ഇക്കാര്യം പങ്കുവച്ചത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ ലാലേട്ടന്റെ അച്ഛനായി അഭിനയിക്കാൻ സാധിച്ചത് അഭിമാനമാണ്. സുഹൃത്തുക്കളോടൊപ്പം ലൊക്കേഷനിലിരിക്കുമ്പോൾ എന്നെ ചൂണ്ടിക്കാട്ടി തന്റെ അച്ഛനാണ് ഇതെന്ന് ലാലേട്ടൻ പറയും. മോഹൻലാൽ, മമ്മൂക്ക എന്നിവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. ചെറിയ വേഷമായാലും വലിയ വേഷമായാലും അവരോടൊപ്പം സിനിമ ചെയ്യാൻ സാധിക്കുന്നത് സൗഭാഗ്യമാണ്.
ട്രൗസറിട്ട് നടക്കുന്ന കാലം മുതൽ തന്നെ ആരാധന തോന്നിയിട്ടുളള അഭിനേതാക്കളാണ് ഇവർ. അവരോടൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നതിനപ്പുറം പ്രധാന വേഷങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഒടിയൻ ലോക്കേഷനിലേക്ക് പോയപ്പോൾ ഇതാണ് എന്റെ അച്ഛനെന്ന് ലാലേട്ടൻ പറഞ്ഞ് കളിയാക്കി. ഹിന്ദി പ്രൊഡ്യൂസർമാരൊക്കെ പെട്ടെന്ന് എന്നെ നോക്കി. ഏത് സിനിമയിലും ആത്മാർത്ഥമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.















