സലാറിന്റെ വിജയത്തിന് ശേഷം പ്രഭാസ് നായകനായി ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വീണ്ടും മറ്റൊരു പുത്തൻ അപ്ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പ്രഭാസിനൊപ്പം മറ്റൊരു വമ്പൻ താരം ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തെലുങ്കിലെ മുതിര്‍ന്ന നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ രാജേന്ദ്ര പ്രസാദാണ് മറ്റൊരു കിടിലം വേഷത്തിൽ ചിത്രത്തിലെത്തുന്നത്.
ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയാണ് കൽക്കി 2898 എഡി ഒരുങ്ങുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മേയ് 9-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. വളരെ വ്യത്യസ്തമായ വേഷത്തിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്. പ്രഭാസ് സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തിൽ ദിഷാ പഠാനി, തമിഴ് താരം പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ കമൽ ഹാസൻ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പർ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെ ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.