ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനങ്ങൾ നടത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ദേവാലയങ്ങളെയോ, വിശ്വാസങ്ങളെയോ അപമാനിക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തരുതെന്നും കമ്മീഷൻ മുന്നിറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് പുറമെ നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുന്നോടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
വിഷയാധിഷ്‌ഠിത ചർച്ചകളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരം ഉയർത്താൻ
ഓരോ കക്ഷി നേതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തരുതെന്ന് കമ്മീഷൻ പ്രത്യേകം പരമാർശിക്കുന്നു. എതിർ സ്ഥാനാർത്ഥികളെ അപമാനിക്കുന്ന രീതിയിലോ അവഹേളിക്കുന്ന രീതിയിലോ ചിത്രങ്ങളും പോസ്റ്ററുകളും പങ്കുവയ്‌ക്കാനോ പ്രചരണത്തിന് ഉപയോഗിക്കാനോ പാടില്ലെന്നും കമ്മിഷൻ നിർദ്ദേശിച്ചു.