ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം നടന്നുവരുന്ന രാഗസേവയിൽ ഭരതനാട്യം അവതരിപ്പിച്ച് പ്രശസ്ത നർത്തകി വൈജയന്തിമാല. 90-ാം വയസിലും പ്രായത്തിന്റെ അവശതകളെ തോൽപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് വൈജയന്തിമാല കാഴ്ചവച്ചത്. ജനുവരി 27 നാണ് രാമക്ഷേത്രത്തിൽ രാഗ സേവ ആരംഭിച്ചത്.
90-ാം വയസിലും ഇവർ വളരെ മനോഹരമായാണ് ഭരതനാട്യം അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാകുന്നുണ്ട്. വൈജയന്തിമാലയുടെ പ്രകടനം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പ്രായം എന്നത് വെറുമൊരു സംഖ്യമാത്രമാണെന്ന് വൈജയന്തിമാല തെളിയിക്കുകയായിരുന്നു എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് ലഭിക്കുന്ന കമന്റുകൾ.
രാജ്യം വൈജയന്തിമാലയ്‌ക്ക് പത്മഭൂഷൻ സമ്മാനിച്ചതിന് പിന്നാലെയാണ് രാമക്ഷേത്രത്തിൽ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവച്ചത്. 45 ദിവസം നീണ്ടുനിൽക്കുന്ന രാഗസേവയിൽ ഇതിനോടകം നിരവധി താരങ്ങൾ പങ്കെടുത്തു.















