കരുണാനിധിയായ ഹാലാസ്യനാഥൻ ഒരു പക്ഷിക്ക് മോക്ഷം പ്രദാനം ചെയ്തു. ആ പക്ഷിയാണ് ശരാരി. ഒരു വെളുത്ത പക്ഷിയാണ് ഇത്. ഈ പക്ഷിക്ക് മോക്ഷം ലഭിക്കുവാൻ ഇടയായ ലീലയാണ് ഇനി പറയുന്നത്.
പണ്ട് ഒരു സ്ഥലത്ത് വിസ്തൃതവും മനോഹരവുമായ ഒരു തടാകം ഉണ്ടായിരുന്നു. നിർമ്മലമായ ജലം സമൃദ്ധമായിട്ടുള്ള ആ തടാകത്തിൽ ആമ, മത്സ്യം, തുടങ്ങിയ ജീവികൾ സ്വൈര്യവിഹാരം നടത്തിയിരുന്നു .ആ തടാകത്തിന്റെ കരയിൽ നിത്യവും ശരാരി എന്ന പക്ഷി വന്നിരിക്കാറുണ്ട്. തടാകത്തിന്റെ മുകളിൽ പറന്നു ചെന്ന് അവിടെയുള്ള മത്സ്യങ്ങളെ ഭക്ഷിച്ചു കൊണ്ട് ശരാരി സുഖമായി ജീവിച്ചു. ഒരിക്കൽ മഴ പെയ്യാത്തത് കൊണ്ട് തടാകത്തിലെ ജലം വറ്റി. അപ്പോൾ മത്സ്യങ്ങളും ജലജീവികളും നശിച്ചു.
ആഹാരം ലഭിക്കാതെ ശരാരി വനത്തിൽ ചുറ്റി സഞ്ചരിച്ചു. ഒരു ദിവസം ശരാരി തപസനുഷ്ഠിക്കുന്ന ഒരു മുനിവര്യനെ കണ്ടു സത്യതപസ്സ് എന്ന നാമത്തോടെ കൂടിയ ആ മഹർഷിയുടെ ആശ്രമത്തിനു സമീപം വളരെ വിസ്തീർണമുള്ള ഒരു തീർത്ഥം ഉണ്ട് ഈ തീർത്ഥത്തിന്റെ നാല് ഭാഗത്തും കൽപ്പടികൾ ഉണ്ട് പുഷ്പങ്ങളും ഫലങ്ങളും ഉള്ള വൃക്ഷങ്ങൾ ഈ തീർത്ഥത്തിന്റെ കരയിൽ കാണാം നിർമ്മലമായ ജലത്തിൽ എല്ലാത്തരത്തിലുമുള്ള മത്സ്യങ്ങൾ നീന്തിക്കുളിക്കുന്നത് കണ്ടപ്പോൾ ശരാരി ഓടിവന്ന് അവിടെയിരുന്നു. ചില മഹർഷിമാർ സ്നാനത്തിനായി ആ തീർത്ഥത്തിൽ ഇറങ്ങുന്നതും ശരാരി കാണാനിടയായി. അവിടുത്തെ അത്ഭുത ദൃശ്യം ആ പക്ഷിക്ക് മനംമാറ്റം ഉണ്ടാക്കി.
മഹർഷിമാർ സ്നാനത്തിനിറങ്ങുമ്പോൾ വലിയ മത്സ്യങ്ങൾ ഒഴിഞ്ഞു മാറി നിൽക്കുന്നു. മത്സ്യക്കുഞ്ഞുങ്ങൾ മഹർഷിമാരുടെ ശരീരത്തിൽ കയറി സഞ്ചരിക്കുന്നു. നീളമുള്ള ജഡയിൽ പറ്റിപ്പിടിച്ചും പെട്ടെന്ന് തെന്നി മാറി വെള്ളത്തിൽ പതിച്ചും നിരന്നു നിരന്ന് സഞ്ചരിച്ചും അവ കളിക്കുന്നത് കണ്ടപ്പോൾ മഹർഷിമാർ സസന്തോഷം ചിരിക്കുന്നതും ശരാരി കണ്ടു. ശ്രേഷ്ഠരായ മുനിമാരെ കൊത്തി വേദനിപ്പിക്കാതെയെന്നപോലെ സേവിക്കുകയാണ് ആ മത്സ്യങ്ങൾ ചെയ്തത്.
അന്യരെ പീഡിപ്പിക്കാതെ സസന്തോഷം ജീവിതം നയിക്കുന്ന മത്സ്യങ്ങളെ കണ്ടപ്പോൾ പക്ഷിക്ക് സന്തോഷം ഉണ്ടായി. അതുകൊണ്ട് ശരാരി ഒരു തീരുമാനമെടുത്തു. ഇനിയുള്ള മത്സ്യങ്ങളെ തിന്നുകയില്ല. ഒരിക്കലും നിറയാത്ത ഒന്നാണ് ഉദരം. ബുദ്ധിയുള്ളവർ അന്യ ജീവികളെ കൊന്ന് ഭക്ഷിക്കുകയില്ല. മറ്റു ജന്തുക്കളെ ഉപയോഗപ്പെടുത്തി സ്വന്തം ശരീരം സംരക്ഷിക്കുന്നത് അന്യായമാണ്. എന്തിനാണ് അന്യ ജീവികളെ കൊന്നുതിന്നുന്നത്.? സ്വന്തം മാംസം തന്നെ തിന്നാലും മതിയല്ലോ.! സ്വന്തം ശരീരത്തോട് തോന്നുന്ന പ്രിയം അന്യനും ആ ശരീരത്തോട് ഉണ്ടെന്ന് വിചാരിക്കേണ്ടതല്ലേ.? എനിക്ക് നല്ല വിശപ്പുണ്ട്.! എന്നാലും ഹിംസ നടത്തി ഉദരം നിറയ്‌ക്കാൻ ആഗ്രഹിക്കുന്നില്ല.
വിശപ്പു മാറ്റാനുള്ള മാർഗ്ഗത്തെക്കുറിച്ച് ചിന്തിക്കുവാൻ പൂർവ്വജന്മ പുണ്യത്താൽ ശരാരിക്ക് സാധിച്ചു. പക്ഷി ശ്രേഷ്ഠനായ ശരാരി ഭക്ഷണം കഴിക്കാതെ ആശ്രമത്തിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് പകൽ കഴിച്ചുകൂട്ടി രാത്രി സമാഗതമായി ഭക്ഷണം കഴിക്കാതെ തന്നെ ശരാരിയുടെ വിശപ്പ് ശമിച്ചു. ഉദരവും നിറഞ്ഞതായി അനുഭവപ്പെട്ടു. അടുത്ത ദിവസവും തടാകതീരത്ത് ചെന്ന് അവിടത്തെ ദൃശ്യങ്ങൾ ദർശിച്ചു.
സത്യതപസ്സ് എന്ന മുനിവര്യൻ ആശ്രമത്തിലുള്ള ഒരു മണ്ഡപത്തിൽ ഇരുന്ന് മറ്റ് മുനിമാരോട് പുരാണകഥകൾ പറയുന്നത് ശരാരി ശ്രവിച്ചു.
പലക്ഷേത്രങ്ങളുടെയും മാഹാത്മ്യങ്ങൾ പറയുന്നതിനിടയിൽ ഹാലാസ്യ ക്ഷേത്രത്തിന്റെ മാഹാത്മ്യവും മഹർഷി പറഞ്ഞു. ശ്രോതാക്കൾ അത് കേട്ടപ്പോൾ ഭക്തികൊണ്ട് സന്തോഷാശ്രുക്കൾ പൊഴിച്ചു. ശരാരിയും ആ പുരാണ ശ്രവണത്തിൽ മുഴുകി നിശ്ചലനായി ഇരുന്നു.
മഹർഷി പറഞ്ഞ മാഹാത്മ്യം ഇതാണ്.
“ക്ഷേത്രത്തിലുള്ള സുന്ദരേശ ഭഗവാൻ ആശ്രയിക്കുന്നവർക്ക് ഉടൻതന്നെ ഫലം നൽകുന്നു. ഹോമം, പൂജ, തപസ്സ് തുടങ്ങിയ സത്കർമ്മങ്ങൾക്ക് കാലതാമസം കൂടാതെ ഫലം ലഭിക്കും.. സർവ്വദേവൻമാരിലും ശ്രേഷ്ഠൻ സർവ്വജ്ഞനായ ശങ്കര ഭഗവാനാണ് അതുപോലെ ക്ഷേത്രങ്ങളിൽ ഹാലാസ്യവും തീർത്ഥങ്ങളിൽ ഹേമ പത്മിനിയും ലിംഗങ്ങളിൽ സുന്ദരേശ ലിംഗവും ശ്രേഷ്ഠമാണ്.”
“മഹാലിംഗവും മഹാതീർത്ഥവും ഒരിടത്ത് ഒരുമിച്ച് വാഴുന്നത് ലോകോപകാരാർത്ഥമാണ്. സുന്ദരേശ ഭഗവാനെ സങ്കൽപ്പിക്കുമ്പോൾ തന്നെ ദയാവാരിധിയും ഭക്തപ്രിയനുമായ ഭഗവാൻ സകല ആഗ്രഹങ്ങളും സാധിപ്പിക്കുന്നു. ഭോഗവും മോക്ഷവും നൽകുവാൻ വേണ്ടി മഹേശ്വരൻ ഹാലാസ്യ ക്ഷേത്രത്തിൽ അധിവസിക്കുന്നു”.
ഹാലാസ്യക്ഷേത്രത്തെ കുറിച്ചുള്ള വിവരണം കേട്ടപ്പോൾ ശരാരി അവിടെയെത്തി. ഹേമ പത്മാഗാരത്തിൽ സ്നാനം ചെയ്തു. ക്ഷേത്രപ്രദക്ഷിണം നടത്തി. സുന്ദരേശ്വര ഭഗവാനെ പ്രണമിച്ചുകൊണ്ട് കുറച്ചുനേരം നിശ്ചലനായി നിന്നു. ഉമാസഹിതനായ മഹാദേവനെ സ്തുതിച്ചു മനസ്സുകൊണ്ട് ദ്രവ്യപൂജ നടത്തി. 15 ദിവസം, മൂന്നു കാലം ഭക്തിപൂർവ്വം പൂജിച്ചു, അടുത്ത ദിവസം രാവിലെ സ്നാനത്തിനായി ഹേമപദ്മിനിയിലെത്തി. അവിടെ നീന്തുന്ന മത്സ്യങ്ങളെ കണ്ടപ്പോൾ ഭക്ഷിക്കണമെന്ന് തോന്നി. ശരാരിക്ക് നല്ല വിശപ്പുണ്ടായിരുന്നതാണ് അതിന് കാരണം.
ഭഗവാൻ ഭക്തനായ പക്ഷിയുടെ മനോഭാവം പെട്ടെന്ന് മാറ്റി. സദ്ബുദ്ധി ഉണ്ടായപ്പോൾ ഇങ്ങനെ ചിന്തിച്ചു. വികാര ഹേതുക്കളായ വിഷയങ്ങളെ കാണുമ്പോൾ ആരുടെ മനസ്സാണോ ഇളകാതിരിക്കുന്നത് ആ ആളാണ് ശ്രേഷ്ഠൻ. മത്സ്യങ്ങളെ കൊന്ന് ഭക്ഷിക്കുവാൻ ഉത്സാഹിച്ച എന്നെപ്പോലെ നിന്ദ്യൻ ഈ ഭൂമിയിൽ ആരുമില്ല. ഈ ചിന്തയോടുകൂടി വിലപിക്കുന്ന ശരാരിയുടെ മനസ്സിൽ ദുർമനോഭാവം ഉണ്ടാകാതിരിക്കുവാൻ ഹേമ മാലിനിയിലുള്ള മത്സ്യങ്ങളെ ഭഗവാൻ മാറ്റി. അതിനുശേഷം ശരാരിക്ക് മോക്ഷവും നൽകി
പക്ഷിക്കുപോലും മോക്ഷം നൽകിയ ഹാലാസ്യനാഥന്റെ ലീല സർവ്വദുഃഖങ്ങളും നശിപ്പിച്ച് എല്ലാവർക്കും മോക്ഷം നൽകുന്നു.
അടുത്ത ഹാലാസ്യ മാഹാത്മ്യം 49 – പുരസീമാ പ്രദർശനം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















