വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സർവ്വകലാശാല വിസിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു. കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ക്യാമ്പസിൽ എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുക്കെട്ടാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്ജി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടും അദ്ദേഹം കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്.
” ഇത് റാഗിംഗിനെ തുടർന്നുണ്ടായ മരണമാണെന്ന് പറയാൻ സാധിക്കില്ല, കൊലപാതകമാണ്. വിദ്യാർത്ഥിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് മൂന്ന് ദിവസത്തോളം യുവാവ് ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ്. ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്? യുവാവിനെ പട്ടിണിക്കിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത് തന്നെയാണ്. കോളേജ് അധികൃതർക്ക് ഇതിനെ കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് പറയുന്നതും വിശ്വസിക്കൻ സാധിക്കില്ല. അവർക്കിതിൽ പങ്കുണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു. ഓരോ കോളേജിലെയും എസ്എഫ്‌ഐ പ്രവർത്തകർ ഹോസ്റ്റൽ മുറികൾ അവരുടെ ഹെഡ്ക്വാട്ടേഴ്‌സ് ആക്കി മാറ്റി കൊണ്ടിരിക്കുകയാണ്. കോളേജ് അധികൃതർക്ക് പോലും അവിടേക്ക് പോകാൻ പേടിയാണ്. പൂക്കോട് നടന്ന ദാരുണ സംഭവത്തിൽ കോളേജ് വിസിക്കെതിരെ ഇപ്പോൾ നടപടി സ്വീകരിക്കുകയാണ്. ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിടാൻ ആവശ്യപ്പെട്ട് കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്.”- ഗവണർ പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് ഇന്നലെ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ ഗവർണർ സിദ്ധാർത്ഥിന്റെ പിതാവിന് പൂർണ പിന്തുണ നൽകിയിരുന്നു. സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഗവർണർ ഉറപ്പ് നൽകിയിരുന്നു. പിന്നാലെയാണ് സർവ്വകലാശാല വിസിയെ ഗവർണർ സസ്‌പെൻഡ് ചെയ്തത്.