വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിനെതിരെ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ ന്യായീകരണവുമായി എസ്എഫ്ഐ പ്രവർത്തകർ. മർദ്ദിച്ചത് തെറ്റാണ് പക്ഷേ പട്ടിണിക്കിട്ടില്ലെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ വാദം. ഭക്ഷണം കൊടുത്തിട്ട് സിദ്ധാർത്ഥ് കഴിച്ചില്ല അതാണ് യാഥാർത്ഥ്യമെന്നും എസ്എഫ്ഐ പ്രവർത്തകരായ നാഷിദ്, ഷാഹിദ് എന്നിവർ വാദിച്ചു.
വിഷയത്തിൽ മാദ്ധ്യമപ്രവർത്തകരെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ന്യായീകരണവുമായി എസ്എഫ്ഐക്കാർ രംഗത്തെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും മാദ്ധ്യമങ്ങൾ പുറത്തിറക്കിയെന്നതാണ് ഇവരുടെ വാദം.
‘ഹോസ്റ്റലിൽ റാഗിംഗല്ല ഉണ്ടായത്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നുണ്ടായ പ്രശ്നമായിരുന്നു. വിഷയം രാഷ്‌ട്രീയമായി കാണരുത്. രാഷ്‌ട്രീയ കൊലപാതകമെന്നും സ്ഥിരം അക്രമമെന്നും പറയരുത്. ഇത് മാദ്ധ്യമ സൃഷ്ടി മാത്രമാണ്. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്തതിന്റെ പേരിൽ അടിച്ചുപോയതാണ്. മനസിലെ വിഷമം കൊണ്ടാണ് അടിച്ചത്. വിഷയം രാഷ്‌ട്രീയവൽക്കപ്പെടുകയാണെന്നും എസ്‍എഫ്ഐ പ്രവർത്തകർ പറഞ്ഞു.















