കമ്യൂണിസ്റ്റുകാരനായി ഒരാൾ മാറുമ്പോൾ കൊലപാതകിയാകുമെന്ന് അഖിൽ മാരാർ. കോളേജുകളിൽ മറ്റ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പോലും എസ്എഫ്ഐ നൽകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു. ഐഎസ്ഐഎസിനെക്കാളും ഭീകരമായ രാഷ്‌ട്രീയ പ്രസ്ഥാനമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. ക്രൂരമായ കൊലപാതകം നടത്തുന്ന പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ പ്രതികരിക്കുകയായിരുന്നു അഖിൽ മാരാർ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
‘ഉത്തരേന്ത്യയിലാണ് ഇത്തരത്തിൽ ഒരു പ്രശ്നം നടന്നിരുന്നതെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ തിരക്കുകളും മാറ്റിവച്ച് അവിടേക്ക് പോയിരിക്കും. ഇവിടത്തെ സകല സാംസ്കാരിക നായകന്മാരും ഇതിനെതിരെ പ്രതികരിച്ചിരിക്കും. ഇവിടത്തെ സകല സിനിമാക്കാരും മുഖ്യമന്ത്രിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും സുഖിപ്പിക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടും. ഇന്ത്യയെ ഒട്ടാകെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിൽ നരേന്ദ്രമോദി രാജിവക്കണമെന്നും പറയും. കവിതകൾ എഴുതും സാംസ്കാരിക സമ്മേളനങ്ങൾ നടത്തും.
എസ്എഫ്ഐ പ്രവർത്തകരോട് നാണവും മാനവും ഉണ്ടോ എന്ന് മാത്രമേ എനിക്ക് ചോദിക്കാനുള്ളൂ. നിങ്ങളുടെ കൺമുന്നിൽ കാണുന്ന ഓരോ പ്രശ്നങ്ങളെയും അവഗണിച്ച് വിടുന്ന നിങ്ങളുടെ രീതിയെക്കുറിച്ച് നിങ്ങൾ ഒന്ന് ചിന്തിക്കണം. ഒരു വിദ്യാർത്ഥി രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അവൻ വിദ്യാർത്ഥി അല്ലാതെയായി മാറുകയാണ്. ഒരുവൻ കമ്യൂണിസ്റ്റ് കാരനായി മാറുമ്പോൾ അവൻ കൊലപാതകിയായി മാറുന്നിടത്താണ് നമ്മൾ ചിന്തിക്കേണ്ടത്. നിങ്ങൾ എത്രയോ ക്രൂരന്മാരാണ്, ക്യാമ്പസുകളിൽ എതിർ രാഷ്‌ട്രീയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾക്ക് യാതൊരു മൂല്യങ്ങളോ, പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമോ നിങ്ങൾ നൽകുന്നില്ല. ഫാസിസത്തിന്റെ അങ്ങേ തലത്തിൽ നിൽക്കുന്നതല്ലേ എസ്എഫ്ഐ എന്ന് ചിന്തിച്ചു നോക്കൂ.
ഐഎസ്ഐഎസിനെക്കാളും ഭീകരമായ രാഷ്‌ട്രീയ പ്രസ്ഥാനമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. പല രാഷ്‌ട്രീയ കൊലപാതകങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. പക്ഷെ, ക്രൂരമായ കൊലപാതകം നടത്തുന്ന പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഇന്ത്യയിലെ മറ്റൊരു പ്രസ്ഥാനവും ഇത്തരത്തിലെ രാഷ്‌ട്രീയ കൊലപാതകം നടത്തിയിട്ടില്ല. കൊലപാതകം നിങ്ങളുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ്.’- അഖിൽ മാരാർ പറഞ്ഞു.















