ന്യൂഡൽഹി: 21-ാം നൂറ്റാണ്ടിലെ ജോലി സാധ്യതകൾക്കനുസരിച്ച് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ നീക്കവുമായി സിബിഎസ്ഇ. വിദ്യാർത്ഥികളിൽ സർഗാത്മതകതയും പുതുമയും വളർത്തുന്നതിനും ഭാവിയിലെ ജോലി സാധ്യതകൾക്കനുസരിച്ച് അവരെ സജ്ജമാക്കുന്നതിനും സമഗ്രമായ നയം തയ്യാറാക്കാനാണ് സിബിഎസ്ഇയുടെ പദ്ധതി. ഇതിന്റെ ഭാഗമായി AI ഉപയോഗത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന നൈപുണ്യ വികസന വകുപ്പിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച പദ്ധതികളെക്കുറിച്ച് സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) ചർച്ച ചെയ്തത്. എഐ പഠനം വിദ്യാർത്ഥികളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായി ഐഐടികൾ, എൻഐടികൾ, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം എന്നിവയിലെ അധികൃതർ അടങ്ങുന്ന സമിതി രൂപീകരിക്കും. എഐ സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികളും കമ്മിറ്റിയുടെ ഭാഗമാകും.
എഐ പ്രതിനിധികൾ അടക്കമുള്ള വിദഗ്ധരടങ്ങുന്ന കമ്മിറ്റി ഉടൻ തന്നെ രൂപീകരിക്കുമെന്നും ഏപ്രിൽ അവസാനത്തോടെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് കമ്മിറ്റി സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഐ ഉപയോഗം എങ്ങനെയെന്ന് കൂടി വിദ്യാർത്ഥികളെ പഠിപ്പിക്കുക.
AI-യുടെ ദ്രുതഗതിയിലുള്ള പുരോഗതി ലോകത്തെ തന്നെ മാറ്റിമറിക്കുകയാണ്. എഐയിലൂടെ നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇതിനോടകം സമൂഹത്തിലെ നിരവധി മേഖലകളിൽ എഐ സ്വാധീനം ചെലുത്തി കഴിഞ്ഞു. കൂടാതെ ഭാവിയിലും വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള അജ്ഞത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭാവിയിലെ ജോലികൾക്കായി സജ്ജമാകാൻ വിദ്യാർത്ഥികളിൽ AIയെക്കുറിച്ച് ശക്തമായ അടിത്തറ വികസിപ്പിച്ചെടുക്കേണ്ടത് നിർണായകമാണെന്ന് സിബിഎസ്ഇ വിലയിരുത്തുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് വിവരങ്ങൾ ഉൾപ്പെടുത്തി സിലബസ് തയ്യാറാക്കുകയെന്നതല്ല, മറിച്ച് എഐ ഉപയോഗിച്ച് ഡാറ്റ സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് സിബിഎസ്ഇയുടെ നീക്കം.