തൃശൂർ: ഗഗൻയാൻ ദൗത്യത്തിൽ മലയാളിയുടെ കൈ പതിഞ്ഞ മേഖല വേറെയും. ഗഗൻയാൻ ബഹിരാകാശ ദൗത്യ സംഘത്തിന്റെ യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിൽ കുന്നംകുളം സ്വദേശി മോഹൻ കുമാറും ഉണ്ടായിരുന്നു. ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിലാണ് യൂണിഫോം രൂപകൽപ്പന ചെയ്തത്. ഇവിടെ അസോ. പ്രൊഫസറായ ഡോ.വികെ മോഹൻകുമാറാണ് യൂണിഫോം രൂപകൽപ്പനയിൽ നിർണായക പങ്കുവഹിച്ചത്.
ഈ കഴിഞ്ഞ 27-ന് തിരുവനന്തപുരം തുമ്പയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗൻയാൻ ദൗത്യ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ദൗത്യ സംഘത്തലവനും മലയാളിയുമായി പ്രശാന്ത് ബാലകൃഷ്ണൻ നായരുൾപ്പെടെ നാല് പേർ ഗ്രൗണ്ട് സ്യൂട്ട് യൂണിഫോമിൽ വേദിയിലെത്തിയിരുന്നു. ഈ നിമിഷം ബെംഗളൂരു നിഫ്റ്റ് സംഘത്തിന് ചരിത്ര മുഹൂർത്തമായിരുന്നു.
ഒരു വർഷം നീണ്ടു നിന്ന പ്രോജക്ടാണ് വിജയത്തിലെത്തിയത്. 70 ഡിസൈനുകളാണ് സംഘം സമർപ്പിച്ചത്. ഇതിൽ നിന്നാണ് ഇരുണ്ട ഇളം നീലയും വെള്ളയും ചേർന്ന ഡിസൈനാണ് തിരഞ്ഞെടുത്തത്. ബഹിരാകാശ യാത്രികന്റെ രൂപം രാജ്യത്തെ 140 കോടി ജനങ്ങളെയും അവരുടെ ആവേശത്തെയും പ്രതിഫലിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വസ്ത്രത്തിൽ അസാധാരണമായ പാനലിംഗ് വരുത്താൻ ശ്രമിച്ചതായി മോഹൻകുമാർ പറയുന്നു.
വടക്കാഞ്ചേരി വ്യാസ കോളേജിൽ നിന്ന് ഫിസിക്‌സിൽ ബിരുദം നേടിയ മോഹൻകുമാർ ബിരുദാനന്തര ബിരുദം ഫാഷൻ ടെക്‌നോളജി പൂർത്തിയാക്കി. ഡൽഹിയിലാണ് പഠനം പൂർത്തിയാക്കിയത്. ജപ്പാനിലും സേവനം അനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം.















