സംസ്ഥാന ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയിരിക്കുകയാണ്. പുതിയ മാസം തുടങ്ങി ഇന്നേക്ക് 4-ാം ദിവസമാകുന്നു. ഇന്നലെ കടന്നുപോയ ഞായറാഴ്ച ദിനം ഒഴിവാക്കിയാൽ മൂന്നാം പ്രവൃത്തി ദിവസത്തിലേക്കാണ് ജീവനക്കാർ കടന്നിരിക്കുന്നത്. ധനവകുപ്പിന്റെ വാഗ്ദാനമനുസരിച്ച് തിങ്കളാഴ്ച ദിവസമായ ഇന്ന് എല്ലാവർക്കും ശമ്പളം ലഭിക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ശമ്പളം കിട്ടേണ്ട ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഇന്ന് തന്നെ ശമ്പളം കൊടുത്തുതീർക്കുകയെന്നത് പ്രായോഗികമല്ലെന്നാണ് വിവരം.
ശമ്പളം വൈകിയ ആദ്യ ദിനം തന്നെ സാങ്കേതിക തടസങ്ങളാണ് കാരണമെന്ന കാപ്യൂസ്യൂളായിരുന്നു പുറത്തുവന്നത്. ട്രഷറിയിലേക്ക് പണമെത്തിയെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള തടസമാണ് നേരിടുന്നതെന്ന് ധനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ എന്തുതരത്തിലുള്ള തടസമാണെന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് മൂലകാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ആദ്യ മൂന്ന് പ്രവൃത്തി ദിനങ്ങളിലായി ശമ്പളം നൽകേണ്ടത് 2.75 ലക്ഷം സർക്കാർ ജീവനക്കാർക്കാണെന്നാണ് റിപ്പോർട്ട്. ഇത്രയും പേർക്കുള്ള തുക ഇന്ന് വിതരണം ചെയ്യാൻ ലഭ്യമല്ലെങ്കിൽ ആദ്യ പ്രവൃത്തി ദിനത്തിൽ ശമ്പളം കിട്ടേണ്ടിയിരുന്നവർക്ക് മാത്രം ഇന്ന് കിട്ടാനാകും സാധ്യത. അതുമല്ലെങ്കിൽ നിയന്ത്രിത അളവിൽ പിൻവലിക്കാവുന്ന രീതിയിലോ ഗഡുക്കളായോ ശമ്പളം ലഭിക്കും. ഈ സാഹചര്യത്തിൽ 12-ാം തീയതിയോട് കൂടിയേ എല്ലാ ജീവനക്കാർക്കും ശമ്പളം കൊടുത്ത് തീരൂവെന്നാണ് സൂചന.
അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് ആദ്യദിനം തന്നെ ശമ്പളം കിട്ടിയിരുന്നു. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴിയായതിനാലാണ് ഇവർക്ക് തടസമില്ലാതെ കിട്ടിയതെന്നും ജീവനക്കാർക്ക് ഇ.ടി.എസ്ബി അക്കൗണ്ട് വഴിയായതിനാലാണ് തടസം നേരിട്ടതെന്നുമാണ് ധനവകുപ്പിന്റെ വിശദീകരണം. എന്നാൽ പണമില്ലാത്തതിനാൽ അക്കൗണ്ട് മരവിപ്പിച്ചെന്നാണ് ജീവനക്കാർ പറയുന്നത്.















