ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഭാരതം ബുള്ളീയിംഗ് (മുഠാളത്തം കാട്ടുക) ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബുള്ളി ചെയ്യപ്പെട്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരമാർശമായിരുന്നു മാദ്ധ്യമപ്രവർത്തകർ ജയശങ്കറിനോട് ഉന്നയിച്ചത്. എന്നാൽ ഭാരതത്തിനെതിരെ പരോക്ഷമായി കടന്നാക്രമിക്കുകയെന്ന ലക്ഷ്യത്തോടെ മുയിസു നടത്തിയ ആരോപണത്തിന് അതേഭാഷയിൽ ഉത്തരം നൽകുകയായിരുന്നു വിദേശകാര്യമന്ത്രി.
ഭീഷണിപ്പെടുത്തുന്നവർ, വ്യക്തിപരമായി ആക്രമിക്കുന്നവർ, മുഠാളത്തം കാണിക്കുന്നവർ, ഉപദ്രവിക്കുന്നവർ, വ്യക്തിപരമായി അധിക്ഷേപിക്കുന്നവർ എന്നെല്ലാം അർത്ഥമുള്ള ഇംഗ്ലീഷ് പദമാണ് ബുള്ളീയിംഗ് (bullying). ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുന്നവരെ ബുള്ളീസ് (bullies) എന്നും വിശേഷിപ്പിക്കുന്നു. ഈ അർത്ഥത്തിലാണ് മാലദ്വീപ് പ്രസിഡന്റ് ഭാരതത്തെ ബുള്ളീസ് എന്ന് പരോക്ഷമായി ആരോപിക്കാൻ ശ്രമം നടത്തിയത്. ഇക്കാര്യത്തിനായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ മറുപടി. ന്യൂഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അയൽക്കാർ പ്രതിസന്ധിയിലാകുമ്പോൾ അവർക്ക് 4.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകുന്നവരെ ബുള്ളീസ് എന്ന് പറയാൻ കഴിയില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. ബുള്ളീസ് ഒരിക്കലും അവരുടെ നയങ്ങളിലോ നിയമങ്ങളിലോ രീതികളിലോ വ്യത്യസ്തത വരുത്തില്ല. പ്രത്യേകിച്ചും ലോകത്തിന്റെ ഒരു വശത്ത് ഭക്ഷണം, ഇന്ധനം, വളം, വാക്സിൻ എന്നിവ ആവശ്യമായി ഉയരുമ്പോൾ, അത്തരം ഘട്ടങ്ങളിൽ ആവശ്യക്കാരെ സഹായിക്കാനെത്തുന്നവരെ ബുള്ളികളെന്ന് വിളിക്കാൻ കഴിയില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
ബുള്ളികളെ ഇനിയും സഹിക്കാൻ കഴിയില്ലെന്ന മാലദ്വീപ് പ്രസിഡന്റിന്റെ പരാമർശം കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്നത്. “മാലദ്വീപ് ഒരു ചെറിയ രാജ്യമാണെന്ന് കരുതി തങ്ങളെ ബുള്ളീയിംഗ് ചെയ്യാനുള്ള ലൈസൻസ് ഒന്നും മറ്റ് രാജ്യങ്ങൾക്ക് ഞങ്ങൾ നൽകിയിട്ടില്ല.”- എന്നായിരുന്നു മുയിസുവിന്റെ വാക്കുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരതം ബുള്ളികളാണോയെന്ന് ജയശങ്കറിനോട് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞത്.
ഭാരതത്തിനും നമ്മുടെ അയൽക്കാർക്കും ഇടയിൽ എന്തെല്ലാം സംഭവിച്ചുവെന്നത് ഈ ലോകത്ത് നടന്ന വലിയ മാറ്റങ്ങളിലൊന്നാണ്. മുഠാളത്തം കാട്ടുന്ന രാജ്യമായി ഇന്ത്യയെ കണക്കാക്കുന്നുവെന്ന് നിങ്ങൾ പറയുമ്പോൾ ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു, അയൽവാസികൾ പ്രശ്‌നത്തിലായിരിക്കുമ്പോൾ അവർക്ക് 4.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകുന്നവരല്ല ബുള്ളികൾ. ലോകത്ത് എവിടെയെങ്കിലുമൊക്കെ നടക്കുന്ന യുദ്ധങ്ങൾ ജീവിതത്തെ സങ്കീർണ്ണമാക്കിയാൽ പ്രയാസപ്പെടുന്ന വിഭാഗത്തെ ബുള്ളികൾ സഹായിക്കില്ല. വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ അയൽക്കാരെ പിന്തുണയ്‌ക്കുമെന്നതാണ് ഇന്ത്യയുടെ പ്രതിബദ്ധത. – ജയശങ്കർ പറഞ്ഞു.