ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രതിപക്ഷ നേതാവാകാനൊരുങ്ങി ഒമർ അയൂബ് ഖാൻ. ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടേയും സുന്നി ഇത്തിഹാദ് കൗൺസിലിന്റേയും പിന്തുണ ഒമർ അയൂബിന് ലഭിച്ചിട്ടുണ്ട്. നിലവിൽ പിടിഐ സെക്രട്ടറി ജനറൽ കൂടിയാണ് ഇദ്ദേഹം. മൂന്നാം വട്ടമാണ് ഒമർ അയൂബ് ഖാൻ ഈ പാകിസ്താനിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്താനൊരുങ്ങുന്നത്.
പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് നേതാവായ ഷെഹബാസ് ഷെരീഫ് രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 336 അംഗ പാർലമെന്റിൽ ഷെഹബാസ് ഷെരീഫിന് 201 വോട്ടുകളാണ് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ഒമർ അയൂബ് ഖാന് 92 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായതിലും 32 വോട്ടുകൾ അധികം നേടിയാണ് ഷെഹബാസ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.
നിലവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഒമർ അയൂബ് ഖാന്റെ പേര് മാത്രമാണ് ഉയർന്ന് കേട്ടിട്ടുള്ളത്. 2018ലാണ് ഒമർ അയൂബ് ഖാൻ പിടിഐയുടെ ഭാഗമാകുന്നത്. മുൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അയൂബ് ഖാന്റെ കൊച്ചുമകൻ കൂടിയാണ് ഒമർ അയൂബ് ഖാൻ. 2002ലാണ് ആദ്യമായി ഒമർ അയൂബ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഷൗക്കത്ത് അസീസിന്റെ മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിടിഐയിൽ ചേർന്നതിന് പിന്നാലെ ഊർജ്ജ വകുപ്പ് മന്ത്രിയായും ഒമർ അയൂബ് പ്രവർത്തിച്ചിട്ടുണ്ട്.















