കൊൽക്കത്ത: 15,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, കൊൽക്കത്തയിൽ മാർച്ച് 6ന് തറക്കല്ലിടും. കൊൽക്കത്തയിലെ ഗതാഗത സൗകര്യവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. കൊൽക്കത്തയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സമ്മാനമാണിതെന്നും സംസ്ഥാനത്തെ ഗതാഗത സൗകര്യം സുഗമമാക്കാൻ പദ്ധതികൾ സഹായിക്കുമെന്നും മെട്രോ റെയിൽവേ പിആർഒ പറഞ്ഞു.
”നഗര സഞ്ചാരം സുഗമമാക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൊൽക്കത്തയിലെ എസ്‌പ്ലേനഡിൽ നിന്നും ഹൗറയിലേക്കുള്ള മെട്രോ സർവീസിനും അദ്ദേഹം തുടക്കം കുറിക്കും.
രാജ്യത്ത് ആദ്യമായി നദിക്ക് അടിയിൽ നിർമ്മിച്ച തുരങ്കത്തിൽ നിന്നാണ് ഈ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇത് കൊൽക്കത്തയിലെ ജനങ്ങൾക്കുള്ള സമ്മാനമാണ്.”- പിആർഒ പറഞ്ഞു.
കൊൽക്കത്തയിലെ എസ്‌പ്ലേനഡിൽ നിന്നും ഹൗറയിലേക്കുള്ള മെട്രോ സർവീസിന് പുറമെ സുഭാഷ്- ഹേമന്ത മുഖോപാധ്യായ, താരതല- മജെർഹട്ട് മെട്രോ സെക്ഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. മാർച്ച് 4 മുതൽ 6 വരെ തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും.















