ദിസ്പൂർ: അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം എട്ട്, ഒമ്പത് തീയതികളിലാണ് പ്രധാനമന്ത്രി കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏഴ് മുതൽ ഒമ്പത് വരെ കാസിരംഗയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് അനുവദിച്ചിട്ടുള്ള ജീപ്പ് സഫാരി ഈ ദിവസങ്ങളിൽ അനുവദിക്കില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഈ മാസം എട്ടിന് രാത്രി കാസിരംഗയിലെത്തുന്ന പ്രധാനമന്ത്രി അന്ന് രാത്രി അവിടെ തങ്ങും. പാർക്കിന്റെ കൊഹോറ റേഞ്ചിനുള്ളിലാണ് അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ടൈഗർ റിസർവും പ്രധാനമന്ത്രി സന്ദർശിക്കും.
ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അസമിലെത്തുന്നത്. ‘പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതി പ്രകാരം നിർമ്മിച്ച 5.5 ലക്ഷം വീടുകളുടെ ഗൃഹപ്രവേശന ചടങ്ങുകൾ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നിർവഹിക്കും. അതിന് ശേഷം ജോർഹട്ടിൽ നടക്കുന്ന പൊതുസമ്മേളനത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തുടർന്ന് ശിവസാഗർ മെഡിക്കൽ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവഹിക്കും. 9-ന് വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി അരുണാചൽ പ്രദേശിലേക്ക് തിരിക്കും.















