ന്യൂഡൽഹി: എംപിമാരോ എംഎൽഎമാരോ വോട്ടിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പ്രസംഗത്തിനോ വോട്ടിനോ ചോദ്യം ചോദിക്കുന്നതിനോ വേണ്ടി സാമാജികർ കോഴ വാങ്ങുന്നതിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.
ഇത്തരം ആരോപണങ്ങൾ നേരിട്ടാൽ സാമാജികരെ വിചാരണയിൽ നിന്ന് ഒഴിവാക്കി നിർത്തുന്ന 1998ലെ പി.വി. നരസിംഹറാവു കേസിലെ വിധിയെ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇതുപ്രകാരം വോട്ടിനോ പ്രസംഗത്തിനോ ചോദ്യത്തിനോ കോഴ വാങ്ങിയെന്ന ആരോപണം സഭയിൽ നേരിട്ടാൽ അഴിമതി നിരോധന നിയമപ്രകാരം ഏതൊരു എംപിയും എംഎൽഎയും വിചാരണ നേരിടണം.
പാർലമെന്റിന്റെയോ സഭയുടെയോ സുഗമമായ പ്രവർത്തനത്തിന് അനുവദിക്കുന്നത് കൂടാതെയുള്ള എന്തെങ്കിലും പ്രത്യേകാവകാശം സാമാജികർക്ക് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. നിയമ സംവിധാനത്തിൽ നിന്നും ഇളവുകൾ ലഭിക്കുന്നതിന് തുല്യമായാണ് ഇത് പരിഗണിക്കപ്പെടുക. അതിനാൽ സാമാജികർക്ക് ഇക്കാര്യത്തിൽ നൽകുന്ന പരിരക്ഷ റദ്ദാക്കുകയാണെന്നും ഏഴംഗ ബെഞ്ച് വ്യക്തമാക്കി. സഭയിലെ നടത്തിപ്പിന് ആവശ്യമായി വരുന്ന പ്രത്യേക അവകാശങ്ങൾ മാത്രമേ എംപിമാർക്കും എംഎൽഎമാർക്കും നൽകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതാനും നാളുകൾക്ക് മുമ്പായിരുന്നു ചോദ്യത്തിന് കോഴ വിവാദത്തിൽ അകപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവാ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് പാർലമെന്റിൽ നിന്ന് പുറത്തായത്. 1998ലെ വിധി നിലനിൽക്കുന്നതിനാൽ മഹുവ വിചാരണ നേരിടേണ്ടതില്ലെന്ന വാദങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്.