തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനോത്സവം ‘ഇൻതിഫാദ’ പേരിന് വിലക്ക്. യുവജനോത്സവത്തിന്റെ പേര് വിലക്കി വി.സി മോഹൻ കുന്നുമ്മേൽ ഉത്തരവിറക്കി. പോസ്റ്ററിലും നോട്ടീസിലും സമൂഹമാദ്ധ്യമങ്ങളിലും പേര് ഉപയോഗിക്കരുത്. പേര് സംബന്ധിച്ച് യൂണിവേഴ്‌സിറ്റി യൂണിയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിസി അറിയിച്ചു. സംഭവത്തിൽ എബിവിപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെയാണ് വിസി പേര് വിലക്കി ഉത്തരവിറക്കിയത്.
നിലമേൽ എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ എ.എസ്. ആശിഷ് കലോത്സവത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹമാസ് – ഇസ്രായേൽ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നൽകരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ ഗവർണർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസിയുടെ നടപടി.