ന്യൂഡൽഹി: തനിക്കെതിരായ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വ്യക്തി അധിക്ഷേപത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിക്ക് കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യത്തിനെതിരെ സംസാരിക്കുന്നതെന്നുമായിരുന്നു ലാലുവിന്റെ പരിഹാസം. എന്നാൽ ഭാരതമാണ് തന്റെ കുടുംബമെന്നും 140 കോടി ജനങ്ങളാണ് തന്റെ കുടുംബാംഗങ്ങളെന്നും ലാലുവിന് പ്രധാനമന്ത്രി മറുപടി നൽകി. തെലങ്കാനയിൽ നടന്ന പൊതുറാലിയിൽ പ്രസംഗിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി പരാമർശം.
രാജ്യത്തെ ജനങ്ങൾ തന്നെയാണ് എന്റെ കുടുംബാംഗങ്ങൾ. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഈ രാജ്യത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, മരിക്കുന്നതും അതിന് വേണ്ടിതന്നെയാകും. തന്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അദിലാബാദിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
പട്‌നയിൽ ആർജെഡി സംഘടിപ്പിച്ച റാലിയിലായിരുന്നു ലാലുപ്രസാദ് യാദവിന്റെ പരാമർശം. പ്രധാനമന്ത്രിക്ക് സ്വന്തമായി കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യം എന്നപേരിൽ മറ്റുള്ളവരെ പരിഹസിക്കുന്നതെന്നും ലാലു പറഞ്ഞു. നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ലെന്നും മാതാവ് മരിച്ചപ്പോൾ തലമുണ്ഡനം ചെയ്തിരുന്നില്ലായെന്നും ലാലുപ്രസാദ് പരിഹസിച്ചു. ഈ പരാമർശങ്ങൾക്കാണ് പ്രധാനമന്ത്രി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
കുടുംബാധിപത്യത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശം നടത്തുന്ന നേതാവാണ് ലാലു പ്രസാദ് യാദവ്. മുമ്പും നിരവധി തവണ പ്രധാനമന്ത്രിക്കെതിരെ വ്യക്തി അധിക്ഷേപ പരമാർശവുമായി ലാലു രംഗത്തുവന്നിരുന്നു.















