ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെയുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. മന്ത്രിയാണെന്നും പരാമർശത്തിന്റെ അനന്തരഫലങ്ങൾ ഉദയനിധി മനസിലാക്കാൻ ശ്രമിക്കണമെന്നും സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 19 1A പ്രകാവും ആർട്ടിക്കിൾ 25 പ്രകാരവുമുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്തു. എന്നിട്ട് ഇപ്പോൾ ആർട്ടിക്കിൾ 32 പ്രകാരം ഹർജി നൽകാനുള്ള അവകാശം വിനിയോഗിക്കുകയാണോ നിങ്ങൾ? നിങ്ങൾ പറഞ്ഞതിന്റെ അനന്തരഫലങ്ങൾ അറിയാമോ?. നിങ്ങൾ ഒരു സാധാരണക്കാരനല്ല. മറിച്ച് ഒരു മന്ത്രിയാണ്, അപ്പോൾ അനന്തരഫലങ്ങൾ നിങ്ങൾ അറിയണം, കോടതി പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകനാണ് ഉദയനിധി സ്റ്റാലിൻ. 2023 സെപ്റ്റംബറിൽ നടന്ന ഒരു സമ്മേളനത്തിനിടെയാണ് ഉജയനിധി സനാതന ധർമ്മത്തെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയത്. സനാതന ധർമ്മത്തെ ഡെങ്കിപ്പനിയും മലേറിയയും പോലുള്ള രോഗങ്ങളുമായും ഉപമിക്കുകയും സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
വിഷയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്റ്റാലിനെതിരെ എഫ്ഐആറുകൾ എടുത്തിട്ടുണ്ട്. ഉത്തർപ്രദേശ്, കർണാടക, ബിഹാർ, ജമ്മു കശ്മീർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് അധികവും. ഈ എഫ്ഐആറുകൾ എല്ലാം ഒരുമിച്ചാക്കണമെന്ന് ഉദയനിധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നിലവിൽ മാർച്ച് 15 ലേക്ക് കേസ് പരിഗണിക്കാനായി ജുഡീഷ്യൽ ബെഞ്ച് മാറ്റി.