ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും. തെലങ്കാനയിലും ഒഡിഷയിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി 26,400 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
തെലങ്കാനയിൽ റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. സംസ്ഥാനത്ത് 6,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. തെലങ്കാനയിലെത്തുന്ന പ്രധാനമന്ത്രി രാവിലെ
ശ്രീ ഉജ്ജൈയിനി മഹാകാളി ക്ഷേത്രത്തിലും ദർശനം നടത്തും.
ഹൈദരാബാദിൽ 350 കോടി രൂപ ചെലവിൽ നിർമ്മിച്ച സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. മൂന്ന് ദേശീയപാത പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
തുടർന്ന് ഒഡിഷയിലെത്തുന്ന പ്രധാനമന്ത്രി പാരദീപ് റിഫൈനറിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. റെയിൽവേ, റോഡ്, ഗതാഗതം,ദേശീയ പാതകൾ എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. സംസ്ഥാനത്ത് 19,600 കോടി രൂപയുടെ വികസന പദ്ധതികളാണ് അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുന്നത്.















