കൊച്ചി: സാങ്കേതിക സർവ്വകലാശാല മുൻ വിസി സിസ തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്ന പിണറായി സർക്കാരിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. വിശദമായ വാദം പോലും കേൾക്കാതെയാണ് കോടതിയുടെ നടപടി. ഗവർണർ-സർക്കാർ പോരിന് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
സംസ്ഥാന സർക്കാരിന്റെ അനുമതി തേടാതെയാണ് കെടിയു സർവ്വകലാശാല വിസിയായി സിസ തോമസ് ചുമതലയേറ്റതെന്നും ഇക്കാരണത്താൽ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമായിരുന്നു പിണറായി സർക്കാരിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സിസ തോമസിന് അനുകൂല വിധി ലഭിച്ചു. ഇതോടെയായിരുന്നു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഗവർണറുമായുള്ള പിണറായി സർക്കാരിന്റെ തർക്കമാണ് സിസ തോമസിനെതിരായ നീക്കത്തിന് പിന്നിലെന്ന് വ്യക്തമായതോടെ ഹർജി തള്ളുകയായിരുന്നു സുപ്രീംകോടതി.
കെടിയു മുൻ വിസിയായിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നായിരുന്നു സിസ തോമസിനെ താത്കാലിക വിസിയായി കെടിയുവിൽ ഗവർണർ നിയമിച്ചത്. എന്നാൽ ഇത് സംസ്ഥാന സർക്കാരിനെ ചൊടിപ്പിക്കുകയായിരുന്നു.















