തൃശൂർ: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ്, എസ്എഫ്ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെ സാംസ്കാരിക കേരളത്തെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം കാർട്ടൂൺ പങ്കുവച്ചിരിക്കുന്നത്. ‘ സിദ്ധാർത്ഥ് മാപ്പ്’ എന്ന അടികുറിപ്പും പോസ്റ്റിന് അദ്ദേഹം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 18നാണ് പൂക്കോട് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയേയും തുടർന്ന് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 18പേരെ കേസിൽ പ്രതി ചേർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ സിൻജോ ജോൺസനെ ഹോസ്റ്റലിൽ എത്തിച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കാൻ ഉപയോഗിച്ച ഇരുമ്പ് വടിയും ബെൽറ്റും പോലീസ് കണ്ടെടുത്തിരുന്നു. കേസിൽ കോളേജ് ഡീനിന്റെയും അസിസ്റ്റന്റ് വാർഡന്റെയും വിശദീകരണവും ഇന്ന് വിസി രേഖപ്പെടുത്തും.