ബോളിവുഡ് നായിക മൃണാൾ താക്കൂറും വിജയ് ദേവരക്കൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഗീതാഗോവിന്ദത്തിന് ശേഷം വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പരശുറാം പറ്റ്‌ല സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഫാമിലി സ്റ്റാർ. ചിത്രത്തിന് വലിയ പ്രതീക്ഷയാണ് താരം നൽകിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ ടീസർ പുറത്തുവന്നത്. വലിയ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് 6. 30 നാണ് ടീസർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ പറഞ്ഞതിലും മൂന്ന് മണിക്കൂറോളം വൈകിയായിരുന്നു ടീസർ പുറത്തുവിട്ടത്. ഇതോടെ നിരവധി പേർ അതൃപ്തി അറിയിച്ചിരുന്നു. സമൂഹമാദ്ധ്യമമായ എക്‌സിലടക്കം ആരാധകർ തങ്ങളുടെ അതൃപ്തി പങ്കുവച്ചു. ഇനിയും എത്ര കാലം കാത്തിരിക്കണം ടീസറിനായി, എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന ചോദ്യങ്ങൾ.
ഇതോടെ ആരാധകരെ ശാന്തരാക്കാനായി വിജയ് ദേവരക്കൊണ്ടതന്നെ നേരിട്ടെത്തുകയായിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടാണ് ടീസർ എത്താൻ വൈകുന്നത്, ഏറെ വൈകില്ല ഉടനെത്തുമെന്നും വിജയ് അറിയിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിച്ച ഫാമിലി സ്റ്റാർ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഫാമിലി സ്റ്റാർ.
തെലുങ്ക്, മലയാളം, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗോപി സുന്ദറാണ് സംഗീത സംവധാനം നിർവ്വഹിച്ചിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ















