കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ ചുമതല റവന്യൂമന്ത്രി കെ രാജന് കൈമാറുമെന്ന് സൂചന. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ ചികിത്സയ്‌ക്ക് പോകുന്നതിനെ തുടർന്നാണ് വകുപ്പ് താത്കാലികമായി കൈമാറുന്നതെന്നാണ് അധികാരികൾ പറയുന്നത്.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇന്ന് ഒരു കർഷകനും കൊല്ലപ്പെട്ടിരുന്നു. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് കുത്തിക്കൊന്നത്. അതിരപ്പിള്ളിയിൽ വാച്ചുമരം ആദിവാസി ഊരിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സ (68)യെ വൈകുന്നേരം കാട്ടാന ചവിട്ടിക്കൊന്നു. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു.
ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലത്ത് ഇന്ദിര (72)എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മൃതദേഹവുമായി കോതമംഗലം നഗരത്തിൽ വൻ പ്രതിഷേധം അരങ്ങേറി. ഈ പ്രതിഷേധത്തെ പോലീസ് അടിച്ചമർത്തിയത് വൻ വിമർശനങ്ങൾക്ക് ഇടയാക്കി.