ധർമ്മശാലയിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനിറങ്ങുക തന്റെ നൂറാം ടെസ്റ്റിനാണ്. 100-ാമത് ടെസ്റ്റിനിറങ്ങുന്ന 14-ാമത് ഇന്ത്യൻ താരമായ അശ്വിൻ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് നേടിയത് 507 വിക്കറ്റുകളാണ്. തന്റെ നൂറാം ടെസ്റ്റിന് മുന്നോടിയായി ഏറ്റവും വലിയ വേദന എന്താണെന്ന് പങ്കുവച്ചിരിക്കുകയാണ് അശ്വിൻ. അനിൽ കുംബ്ലെയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘മത്സരത്തിൽ കാര്യങ്ങൾ ശരിയായി നടന്നില്ലെങ്കിൽ ഞാൻ ഒരാളിലേക്ക് മടങ്ങും. അപ്പോൾ ആ വ്യക്തിക്കുണ്ടാകുന്ന സമ്മർദ്ദം വളരെയധികം കൂടുതലാണ്. എന്നാൽ ആ വ്യക്തി മറ്റാരുമല്ല, ഞാൻ തന്നെയാണ്. കാരണം ക്രിക്കറ്റാണ് എന്നെ പലതും പഠിപ്പിച്ചത്. നിരവധി വിമർശകരുള്ള നാടാണ് ഇന്ത്യ. അവർ ശരിയും തെറ്റും നിങ്ങളോട് പറയും.
എന്റെ ഏറ്റവും വലിയ വേദന എന്റെ വിജയങ്ങൾ ആസ്വദിക്കാൻ കഴിയുന്നില്ല എന്നതാണ്. പക്ഷേ ആ വേദനയാണ് എന്നെ മികച്ച താരമാക്കാൻ സഹായിച്ചത്. ഇതേതുടർന്ന് ഞാൻ സ്വയം മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ സ്വയം ചെയ്ത് തുടങ്ങി. ഞാൻ ആരാണെന്ന് ഞാനൊരു പ്രത്യേക ദിവസം മനസിലാക്കിയിട്ടുണ്ട്. കൂടുതൽ എന്ത് നേടാനാകുമെന്നതിലാണ് എന്റെ ശ്രദ്ധ.
ഉദാഹരണത്തിന് സ്റ്റീവ് സ്മിത്തോ ജോ റൂട്ടോ എനിക്കെതിരെ സെഞ്ച്വറിയടിച്ചു. അപ്പോൾ അവരുടെ വിക്കറ്റ് എങ്ങനെ നേടാനാകുമെന്നതിലാണ് ഞാൻ ശ്രദ്ധിക്കുക. തുടർച്ചയായ ആ ചിന്ത എന്നെ പുതിയ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. വർഷങ്ങളായി ഇങ്ങനെ ചെയ്യുന്നതിനാൽ ഇപ്പോൾ എനിക്ക് കിട്ടുന്ന അംഗീകാരങ്ങളിൽ ഞാൻ സംതൃപ്തനാണ്.’ അശ്വിൻ പറഞ്ഞു.















