ആലപ്പുഴ: മൂന്നുവരി ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഉന്നത നിലവാരത്തിൽ നിർമ്മിച്ച ദേശീയ പാതയുടെ ഒരു ഭാഗമാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. പുറക്കാട് ഭാഗത്താണ് വാഹന ഗതാഗതം അനുവദിച്ചത്. ഇവിടെ ടാറിംഗ് പൂർത്തിയായിട്ടുണ്ട്. അമ്പലപ്പുഴ കരൂരിനും തോട്ടപ്പള്ളിക്കും മദ്ധ്യഭാഗത്തെ നിലവിലുള്ള ദേശീയപാതയ്‌ക്കായി ഏറ്റെടുത്ത സ്ഥലത്താണ് ടാറിംഗ് കഴിഞ്ഞ് തുറന്നുകൊടുത്തത്. ഫെബ്രുവരി 19നാണ് ദേശീയപാതയിൽ ടാറിംഗ് ആരംഭിച്ചത്. ഈ ഭാഗത്ത് വാഹനഗതാഗതം ആരംഭിച്ചതോടെ പഴയ ദേശീയപാതയുടെ നവീകരണം ഉടൻ ആരംഭിക്കും. പുറക്കാടും ആലപ്പുഴ ബൈപാസ് ഭാഗവുമാണ് ജില്ലയിൽ ദേശീയപാത നിർമ്മാണത്തിൽ മുന്നിലുള്ളത്.
ടാറിംഗ് കഴിഞ്ഞെങ്കിലുെം ഇതിന് മുകളിൽ ഇനിയും പാളികൾ ടാർ ചെയ്ത് ഉറപ്പിക്കും. മണ്ണിട്ടുയർത്തി ഗ്രാനുലാർ ബേസ് നിരത്തി മുകളിൽ സിമന്റ് ട്രീറ്റഡ് ബേസ് പാളികൾ ഉറപ്പിക്കും ഇതിന് മുകളിലാണു ടാർ ചെയ്തിരിക്കുന്നത്. സിടിബി സാങ്കേതികവിദ്യയോടെ റോഡിൽ വെള്ളം കെട്ടിനിന്നുണ്ടാകുന്ന തകർച്ചാ സാധ്യത കുറയും.
സ്ഥലമേറ്റെടുക്കുന്നതിലും മണ്ണ് ലഭിക്കാതെ വന്നതിലുമുണ്ടായ കാലതാമസം ടാറിംഗിനെ ബാധിച്ചിരുന്നു. ഇതുമൂലം പണി പൂർത്തിയാക്കി ഗതാഗതം അനുവദിക്കുന്നത് ഇപ്പോഴാണ്. ജില്ലയിൽ 83 കിലോമീറ്റർ ദേശീയപാത ഉണ്ടായിട്ടും ആകെ 6 കിലോമീറ്റർ മാത്രമാണ് ടാർ ചെയ്യാനായത്. ദേശീയപാത വികസനത്തിൽ മറ്റു ജില്ലകളെക്കാൾ ഏറെ പിന്നിലാണ് ആലപ്പുഴ. ദേശീയപാത നിർമ്മാണ കാലാവധി അടുത്ത വർഷം അവസാനിക്കും.















