പാലക്കാട്: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് കാട്ടാനയിറങ്ങിയത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രമെന്റേഷനിലെ ടൗൺഷിപ്പിലാണ് ആന എത്തിയത്. ജീവനക്കാരുടെ കോട്ടേഴ്സ് ഉൾപ്പെടെയുള്ള ഭാഗത്താണ് പ്രദേശവാസികൾ ആനയെ കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ടൗൺഷിപ്പിലേക്ക് കാട്ടാന എത്തിയത്.
വനത്തിൽ നിന്നും വ്യവസായിക മേഖലയിലേക്ക് വരെ ആന എത്തിയതോടെ വലിയ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. കഴിഞ്ഞ ദിവസം തൃശൂർ അതിരപ്പള്ളിയിൽ വീട് കയറിയായിരുന്നു കാട്ടാനയുടെ പരാക്രമം. അതിരപ്പള്ളി പ്ലാൻ്റേഷൻ കോർപ്പറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന തകർത്തത്. ആക്രമണ സമയം വീടിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.