ലക്നൗ: വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ കാർ തീവച്ച് നശിപ്പിച്ച് ട്രാൻസ്ജെൻഡർ യുവതി. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം.
കാൻപൂർ സ്വദേശി അനുപ് ശുക്ലയുടെ കാറാണ് കത്തിച്ചത്. സംഭവത്തിൽ ട്രാൻസ്ജെൻഡർ യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിലുള്ള ദേഷ്യത്തിലാണ് അക്രമം നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ട്രാൻസ്ജെൻഡർ യുവതിയും അനൂപും ഏറെ നാളായി പ്രണയത്തിലായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. എന്നാൽ വിവാഹം കഴിക്കാമെന്ന യുവതിയുടെ ആവശ്യം അനൂപ് നിരസിക്കുകയായിരുന്നു. ഒരുപാട് തവണ അനൂപിനോട് പറഞ്ഞെങ്കിലും ഇയാൾ സമ്മതിച്ചിരുന്നില്ല. തുടർന്നുള്ള വൈരാഗ്യത്തിലാണ് സുഹൃത്തിനോടൊപ്പം യുവാവിന്റെ താമസസ്ഥലത്തെത്തി കാർ പെട്രോളൊഴിച്ച് കത്തിച്ചത്.
യുവാവിന്റെ പരാതിയെ തുടർന്ന് ട്രാൻസ്ജെൻഡർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ ഇൻഡോറിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പ്രതികളെ സഹായിച്ച ഇൻഡോർ സ്വദേശികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.















