ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്കാണ് കേരളം കടക്കുന്നത്. തൃശൂർ പിടിച്ചെടുക്കാനുള്ള പ്രചാരണം സുരേഷ് ഗോപിയും ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഇടയിൽ താരത്തിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. പ്രചാരണത്തിനിടയിൽ കേട്ട ഒരു ഗാനത്തിന് ചുവടുകൾ വച്ചിരിക്കുകയാണ് താരം.
സുരേഷ് ഗോപി അഭിനയിച്ച ”മണിമുറ്റത്താവണി പന്തൽ മേലാപ്പു പോലെ..” എന്ന ഗാനത്തിനാണ് അദ്ദേഹം പ്രചാരണത്തിനിടയിൽ കാറിൽ നിന്നുകൊണ്ട് ചുവടുകൾ വച്ചത്. ഈ ഗാനം കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. സുരേഷ് ഗോപി, മീന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജോൺ കാര്യാൽ സംവിധാനം ചെയ്ത ഡ്രീംസ് എന്ന സിനിമയിലെ മനോഹരമായ ഗാനമാണിത്. ഈ ഗാനത്തിലെ സുരേഷ് ഗോപിയുടെ ചുവടുകൾ ഇന്നും വൈറലാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചുവടുകൾ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ.
എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് തടിച്ചു കൂടിയത്. കൊല്ലത്ത് നിന്നും തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ ആയിരക്കണക്കിന് പേരാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഹാരം അണിയിച്ചും അഭിവാദ്യങ്ങൾ അർപ്പിച്ചും സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകരും ജനങ്ങളും സ്വീകരിച്ചു. വളരെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ റോഡ് ഷോ ജനങ്ങൾ ഏറ്റെടുത്തത്.















