തായ്പേയ്: ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് പിന്നാലെ ക്ഷമാപണവുമായി തായ്‌വാൻ മന്ത്രി. ഭാരതത്തിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തായ്‌വാനിലെ തൊഴിൽ മന്ത്രി ഹ്‌സു മിംഗ്-ചുൻ നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ഭാരതത്തിലെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് തൊഴിലാളികളെ നിയമിക്കാനാണ് തൊഴിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു മന്ത്രി ഹ്‌സു മിംഗ്-ചുൻ പറഞ്ഞത്. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ഭാരതീയരുടെ ചർമ്മത്തിന്റെ നിറവും അവരുടെ ഭക്ഷണ ശീലങ്ങളും തായ്‌വാനിന് സമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി. കാർഷിക-നിർമ്മാണ മേഖലയിൽ വിദഗ്ധരായ ക്രിസ്ത്യാനികളാണ് വടക്കുകിഴക്കൻ മേഖലയിലുള്ളതെന്നും തായ്വാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തലുകൾ പരാമർശിച്ച് മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ മനുഷ്യന്റെ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കുന്നുവെന്ന തരത്തിൽ തായ്‌വാൻ മന്ത്രി നടത്തിയ പ്രസ്താവന വലിയ വിവാദമാകുകയായിരുന്നു. ഇതോടെ തന്റെ അഭിപ്രായ പ്രകടനത്തിൽ അവർ ഖേദം പ്രകടിപ്പിച്ചു. തുല്യതയും സമത്വവുമുള്ള തൊഴിൽ നയങ്ങളാണ് തായ്‌വാൻ ലക്ഷ്യമിടുന്നതെന്നും സ്വദേശികളോടും വിദേശികളോടും വിവേചനരഹിതമായി പെരുമാറുകയെന്നതാണ് ലക്ഷ്യം. ഭാരതീയരായ തൊഴിലാളികളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. എന്നാൽ അത് വിവേചനപരമായ പരാമർശമായി മാറുകയായിരുന്നു എന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി.