കോഴിക്കോട്: മുസ്ലീങ്ങൾക്ക് എല്ലാ തരത്തിലും പിണറായി സർക്കാർ സംരക്ഷണം നൽകുന്നുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം. മുസ്ലീങ്ങളുടെ എല്ലാ പ്രശ്‌നവും പിണറായി സർക്കാർ കേൾക്കാൻ തയ്യാറാകുന്നുണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. മുസ്ലീങ്ങളുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രി നേരിട്ട് കേൾക്കാൻ തയ്യാറാകുന്നുണ്ടെന്നും ഇസ്ലാം മത നേതാവ് പറഞ്ഞു.
മുസ്ലീം സംഘടനകൾക്ക് മുന്നിൽ പിണറായി സർക്കാർ മുട്ടുകുത്തുന്നുവെന്ന് വിമർശനം ഉയരുന്നതിനിടെയാണ് ഇടത് സർക്കാരിനെ പ്രശംസിച്ച് ഉമർ ഫൈസി മുക്കം രംഗത്തു വന്നത്. ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻസാഫ് പരിപാടിയിൽ വച്ചാണ് പ്രശംസ. മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതിനും പിണറായി വിജയന് ഉമർ ഫൈസി നന്ദി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി കെ.കാർത്തിക് നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തിരുത്തിയത്. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നായിരുന്നു എസ്പിയുടെ റിപ്പോർട്ട്. എന്നാൽ, ഇതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്തു വന്നതോടെ അവർക്ക് കുട പിടിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തിരുത്തുകയായിരുന്നു.















