ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന പങ്കാളിയായി സൗദി അറേബ്യയുടെ നഗരപദ്ധതിയായ ‘നിയോം’. സഞ്ജുവിന്റെ രാജസ്ഥാനുമായി നിയോമിന് രണ്ട് വർഷമാണ് കരാറുള്ളത്. വരുന്ന രണ്ട് സീസണുകളിലും നിയോമിന്റെ ലോഗോയുള്ള ജഴ്‌സി ധരിച്ചാകും രാജസ്ഥാൻ താരങ്ങൾ കളത്തിലിറങ്ങുക.
നിയോം തങ്ങളുടെ പ്രധാന പങ്കാളിയായി എത്തുന്നതിൽ വളരെ സന്തുഷ്ടരാണെന്ന് രാജസ്ഥാൻ റോയൽസ് അറിയിച്ചു. ആഗോളതലത്തിൽ ശ്രദ്ധനേടാനുള്ള രാജസ്ഥാൻ റോയൽസിന്റെ പ്രയത്‌നം ഈ കരാറിലൂടെ സാധ്യമാകുമെന്ന് ഉടമ മനോജ് ബദാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ പ്രാരംഭ പദ്ധതിയുടെ വിജയം അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം ഉറപ്പിക്കുന്നതെന്ന് നിയോം വ്യക്തമാക്കി.
‘രാജസ്ഥാൻ റോയൽസുമായി ഔപചാരിക പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സൗദി അറേബ്യയുടെ കായിക മേഖലയുടെ വളർച്ചയ്‌ക്കും ഉന്നമനത്തിനും ഈ കരാർ സഹായകരമാകും. ക്രിക്കറ്റ് സമൂഹത്തെ വികസിപ്പിക്കേണ്ടത് പ്രധാനമാണ്.’നിയോം മാനേജിങ് ഡയറക്ടർ ജാൻ പീറ്റേഴ്സൺ വ്യക്തമാക്കി.
സൗദിയുടെ ചെങ്കടൽ തീരത്തും കടലിലുമായി നിർമ്മിക്കപ്പെടുന്ന ഹൈടെക് നഗരമാണ് നിയോം സിറ്റി. 500 ബില്യൺ ഡോളർ ചെലവിട്ടാണ് സൗദി അറേബ്യ ഈ നഗരം ഉണ്ടാക്കുന്നത്.















