എറണാകുളം: മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് കേസിൽ തനിക്ക് ഇനി കൂടുതലൊന്നും പറയാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ഫിനാൻസ് ഡിജിഎം ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ
ഇഡി ഇന്ന് കോടതിയെ അറിയിക്കും. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിഫ്ബിയുടെ കൈവശമാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നൽകാനില്ലെന്നുമായിരുന്നു ഐസക്ക് നേരത്തെ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന കർശന നിലപാടിലാണ് ഇഡി.
മസാല ബോണ്ട് കേസിൽ ഇഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയിരുന്നു. ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ഇഡിയോട് സഹകരിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഐസക്. പല തവണ ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഐസക്കിന് അനുകൂല നടപടികൾ കോടതിയും സ്വീകരിച്ചിരുന്നില്ല.















