ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഢോൽ അടിച്ച് ആഘോഷിച്ച് ബിജെപി പ്രവർത്തകർ. മുതിർന്ന നേതാക്കളുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരാണ് ആഘോഷത്തിൽ പങ്കെടുക്കാൻ ശ്രീനഗറിൽ തടിച്ചുകൂടിയത്. നഗരത്തിലുടനീളം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കശ്മീരിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. സുരക്ഷാ നടപടികളുടെ ഭാഗമായി ശ്രീനഗറിലുടനീളം നിരവധി ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനം തങ്ങൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രചോദനം നൽകുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് വികസിത് ജമ്മുകശ്മീർ’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് 6,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000 കോടിയുടെ പ്രത്യേക പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.















