സ്പിൻ പ്രൊഫസർ എന്ന് വിളിപ്പേരുള്ള ആർ.അശ്വിന് കരിയറിന്റെ തുടക്കത്തിൽ ബാറ്ററാവുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്റിലെ ബുദ്ധിമാന് കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. ടെസ്റ്റുകളിൽ സെഞ്ച്വറിയെന്ന നേട്ടം ധരംശാലയിൽ പൂർത്തിയാക്കുമ്പോൾ ഇതിഹാസങ്ങളുടെ പട്ടികയിൽ ഇനിയൊരിക്കലും മാഞ്ഞുപോകാതെ അശ്വിൻ തന്റെ പേരും കൊത്തിവയ്‌ക്കുന്നു. 37-ാം വയസിലും സജീവ ക്രിക്കറ്റിൽ നിറം മാങ്ങാതെ നിൽക്കാനാവുന്ന ചുരുക്കം സ്പിന്നർമാരിൽ ഒരാളാണ് അശ്വിൻ.

ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. ചരിത്രത്തിൽ തന്നെ ഇത് നാലാം തവണയാണ് രണ്ട് താരങ്ങളൊരുമിച്ച് 100-ാം ടെസ്റ്റിനിറങ്ങുന്നത്. ചരിത്ര മത്സരത്തിൽ ആർ. അശ്വിന്റെയും ഇംഗ്ലണ്ട് താരം ജോണി ബെയർസ്‌റ്റോയുയെടും പ്രകടനങ്ങളാണ് ആരാധകർ ഉറ്റുനോക്കുന്നത്. രാജ്യത്തിനായി 100-ാം ടെസ്റ്റ് കളിക്കുന്ന 14-ാമത് ഇന്ത്യൻ താരമാണ് അശ്വിനെങ്കിൽ ഇംഗ്ലണ്ടിനായി 100-ാം ടെസ്റ്റിനിറങ്ങുന്ന 17-മതെ താരമാണ് ബെയര്‍സ്റ്റോ.

ഡൽഹിയിൽ 2011-ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലൂടെയാണ് അശ്വിൻ ടെസ്റ്റിൽ അരങ്ങേറുന്നത്. 100-ാം ടെസ്റ്റിനിറങ്ങുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യ താരവും, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനുമാണ് 37 വയസുകാരാനായ അശ്വിൻ. രാജ്‌കോട്ട് ടെസ്റ്റിൽ 500 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു. അനിൽ കുംബ്ലെയ്‌ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അശ്വിൻ. ഇംഗ്ലണ്ടിനെതിരെ 200 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരവും അശ്വിനാണ്.
100 ടെസ്റ്റ് തികച്ച താരങ്ങൾ
സുനിൽ ഗവാസ്‌കർ, ദിലീപ് വെംഗ്‌സർക്കാർ, കപിൽ ദേവ്, സച്ചിൻ ടെൻഡുൽക്കർ, അനിൽ കുംബ്ല, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ്,ഹർഭജൻ സിംഗ്, ഇഷാന്ത് ശർമ്മ, വിരാട് കോലി, ചേതേശ്വർ പൂജാര















