ന്യൂഡൽഹി: പാക് അധീന കശ്മീരിൽ കഴിയുന്ന ലഷ്കർ നേതാവ് മുഹമ്മദ് ഖാസിം ഗുജ്ജാർ എന്ന സൽമാൻ സുലൈമാനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. യുഎപിഎ നിയം 1967 പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള 32-കാരനായ മുഹമ്മദ് ഖാസിം ജമ്മുവിലെ റിയാസി ജില്ലയിലുള്ള അംഗ്രല സ്വദേശിയാണ്. ഇയാൾ പലവിധത്തിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഖാസിം മുഖ്യപങ്കുവഹിച്ച പല ഭീകരാക്രമണങ്ങളിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തി വഴി ആയുധക്കടത്ത് നടത്തിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി. കൂടാതെ നിരവധി യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും മുഹമ്മദ് ഖാസിം പ്രധാന പങ്കുവഹിച്ചിട്ടുള്ള ലഷ്കർ നേതാവാണ്.