കമ്പനി സെക്രട്ടറി പ്രൊഫഷണലുകളിൽ നിന്നും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ടാറ്റാ പവർ. 2023 ഒക്ടോബറിൽ കമ്പനി സെക്രട്ടറി ബിരുദം പൂർത്തിയാക്കിയവർക്കും 2024 ഫെബ്രുവരിയിൽ കോഴ്‌സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഐസിഎസ്‌ഐയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് യോഗ്യതയും റെഗുലർ ഗ്രാജ്വേഷൻ ബിരുദവുമുള്ളവർക്കാണ് യോഗ്യത.
ആശയവിനിമയത്തിൽ മികച്ച വൈദഗ്ധ്യം, നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അനലിറ്റിക്കൽ കഴിവുകൾ, സംഘടനാപരമായ ആസൂത്രണം ഡ്രാഫ്റ്റിംഗ് കഴിവുകൾ എന്നിവയുള്ളവർക്ക് മുൻഗണന. എംഎസ്ഓഫീസ് (എക്‌സൽ,പവർപോയിന്റ്, ഔട്ട്‌ലുക്ക്, വേഡ്) എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.
എക്‌സിക്യുട്ടീവ്, പ്രൊഫഷണൽ ഐസിഎസ്ഐ പരീക്ഷയുടെ എല്ലാ ഗ്രൂപ്പുകളിലും ആദ്യ ശ്രമത്തിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് മുൻഗണന നൽകും.
അപേക്ഷകന്റെ പരമാവധി പ്രായപരിധി 27 വയസാണ്. 10,12, ബിരുദം എന്നിവയിൽ 60 ശതമാനം മാർക്കോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം. സ്റ്റോക്ക് എക്സ്ചേഞ്ച്, കമ്പനി നിയമം എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കൽ, നിയമപരമായ രജിസ്റ്ററുകൾ സൂക്ഷിക്കുക, ബോർഡിന്റെയും കമ്മിറ്റിയുടെയും അജണ്ട കുറിപ്പുകളുടെയും മിനിറ്റുകളുടെയും ഡ്രാഫ്റ്റിംഗ് തയ്യാറാക്കുക, വാർഷിക റിപ്പോർട്ടിനായുള്ള ഡാറ്റയുടെ സമാഹാരം, ഇ-ഫോമുകളുടെ ഫയൽ ചെയ്യൽ എന്നിവയാണ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചെയ്യേണ്ട ജോലികൾ.
അപേക്ഷകർക്ക് മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം പ്രതിവർഷം 7.30 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഓൺലൈൻ എഴുത്തുപരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അസിൻക്രണസ് വീഡിയോ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.