ടോക്കിയോ: അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി ജപ്പാനിലെ ടെലികോം കമ്പനി. സ്ത്രീകൾ നേരിടുന്ന ആർത്തവ വേദനയെക്കുറിച്ച് സ്ഥാപനത്തിലെ പുരുഷ ജീവനക്കാർക്ക് മനസിലാക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു EXEO കമ്പനി നടത്തിയത്. സഹപ്രവർത്തകരായ സ്ത്രീകൾ പ്രതിമാസം നേരിടുന്ന ശാരീരിക അസ്വസ്ഥതകളെക്കുറിച്ച് മനസിലാക്കാനും വനിതാ ജീവനക്കാരോട് തന്മയത്വത്തോടെ പെരുമാറാനും പുരുഷ ജീവനക്കാരെ പ്രാപ്തമാക്കുക എന്നതായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം.
അടിവയറ്റിൽ വച്ചിരിക്കുന്ന പാഡിലേക്ക് ഇലക്ട്രിക് സിഗ്നലുകൾ കടത്തിവിട്ട് ആർത്തവ വേദനയെ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു. ‘പിരിയനോയ്ഡ്’ എന്ന ഡിവൈസ് ഉപയോഗിച്ചാണ് ഇത്തരത്തിൽ കൃത്രിമമായി വേദന സൃഷ്ടിച്ചത്. പുരുഷ ജീവനക്കാരിൽ ഡിവൈസ് ഘടിപ്പിക്കുന്നത് വഴി അവർക്കും ഇത് അനുഭവിക്കാൻ സാധിച്ചു. അടവയറ്റിലെ മസിലുകളെ ഉത്തേജിപ്പിക്കുന്നതാണ് ഡിവൈസിന്റെ പ്രവർത്തനം. നാര വുമൺസ് യൂണിവേഴ്സിറ്റിയും ഒസാക്ക ഹീറ്റ് കൂൾ സ്റ്റാർട്ടപ്പും സംയുക്തമായി വികസിപ്പിച്ചതാണ് പിരിയനോയ്ഡ് എന്ന ഉപകരണം.
ഒരുവേളയിൽ തനിക്ക് അനങ്ങാൻ പോലും സാധിക്കാത്ത വിധമാണ് വേദന അനുഭവപ്പെട്ടതെന്ന് പിരിയനോയ്ഡ് ഉപയോഗിച്ച പുരുഷ ജീവനക്കാരിൽ ഒരാൾ പ്രതികരിച്ചു. ഓരോ മാസവും ഈ വേദനയോട് പോരാടിയാണ് സ്ത്രീകൾക്ക് ജോലി ചെയ്യേണ്ടി വരുന്നത് എന്ന കാര്യം ഇപ്പോൾ മനസിലാക്കാൻ സാധിച്ചുവെന്നും 26-കാരനായ മസായ ഷിബാസ്കി പറഞ്ഞു.
ജപ്പാനിലെ കമ്പനികളിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നൽകുന്നുണ്ട്. ചില കമ്പനികളിൽ ശമ്പള രഹിത അവധിയും മറ്റ് ചിലയിടങ്ങളിൽ ശമ്പളാവധിയുമാണ്. ചിലയിടത്ത് പകുതി വേതനവും നൽകും. എന്നാൽ ഭൂരിഭാഗം വരുന്ന സ്ത്രീകളും ആർത്തവ അവധി ഉപയോഗിക്കാറില്ലെന്നാണ് അടുത്തിടെ ജപ്പാനിൽ നടത്തിയ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.