ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസാമിൽ എത്തും. ഗുവാഹത്തിയിലെത്തുന്ന പ്രധാനമന്ത്രി നിരവധി വികസന പദ്ധതികൾക്കും തറക്കല്ലിടും. ഇതിനുപുറമെ ഇന്ന് വൈകുന്നേരം കാസിരംഗയിൽ എത്തുന്ന പ്രധാനമന്ത്രി യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ കാസിരംഗ ദേശീയോദ്യാനത്തിലും സന്ദർശനം നടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കാണ്ടാമൃഗങ്ങൾക്ക് പേരു കേട്ട ഇടമാണ് കാസിരംഗ ദേശീയോദ്യാനം. രണ്ട് മണിക്കൂറോളം സമയം പ്രധാനമന്ത്രി ഇവിടെ ചെലവഴിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
” അസമിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി വൈകിട്ടോടെ എത്തും. നാളെ രാവിലെ 5.30ന് അദ്ദേഹം കാസിരംഗ ദേശീയോദ്യാനത്തിൽ സന്ദർശനം നടത്തുകയും അവിടെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പിഎം- ഡിവൈൻ പദ്ധതിക്ക് കീഴിൽ ആരംഭിച്ച ടിൻസുക്കിയ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനവും ശിവസാഗർ മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനവും അദ്ദേഹം നാളെ നടത്തും. നിരവധി വികസന പദ്ധതികളാണ് അസമിനെ കാത്തിരിക്കുന്നത്.”- ഹിമന്തബിശ്വശർമ്മ പറഞ്ഞു.
3,992 കോടി രൂപയുടെ പൈപ്പ് ലൈൻ പദ്ധതിയിൾപ്പെടെ വിവിധ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ നിർമ്മിച്ച 5.5 ലക്ഷം വീടുകളുടെ ഗൃഹപ്രവേശന ചടങ്ങുകളും അദ്ദേഹം കോൺഫറൻസ് വഴി നിർവ്വഹിക്കും. അസമിൽ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം അരുണാചൽ പ്രദേശിൽ നടക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.















