തിരുവനന്തപുരം: യുവജനോത്സവങ്ങളിൽ അതിഥിയായി എത്തുന്ന താരങ്ങൾ വന്ന വഴി മറന്ന് പണം വാങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർവകലാശാല കലോത്സവം നടത്താൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും നടി നവ്യാ നായർ അതിഥിയായി എത്തിയ കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ഒരു രൂപ പോലും വാങ്ങാതെയാണ് ഇവിടെ അതിഥിയായി എത്തിയിരിക്കുന്നതെന്നായിരുന്നു നവ്യാ നായർ, മന്ത്രിക്ക് മറുപടി നൽകിയത്.
വന്ന വഴി മറക്കുന്ന വ്യക്തിയല്ല താനെന്നും അതിനാൽ അതിഥിയായി തന്നെ ക്ഷണിച്ചപ്പോൾ ഒരു രൂപ പോലും വാങ്ങാതെ സന്തോഷത്തോടെയാണ് യുവജനോത്സവത്തിനെത്തിയതെന്നും നവ്യാ നായർ വ്യക്തമാക്കി. കോളേജ് കാലഘട്ടം മനോഹരമായ കാലഘട്ടമാണ്. എന്നാൽ ഇന്ന് വിദ്യാർത്ഥികളെ കലാലയങ്ങളിലേക്ക് പഠിപ്പിക്കാൻ വിടാൻ മാതാപിതാക്കൾക്ക് ഭയമാണ്. അക്കാദമിക് തലങ്ങളിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കുന്നത് തന്നെയാണ് പ്രാധാന്യം അർഹിക്കുന്നതെന്നും താരം പറഞ്ഞു. നല്ല മനുഷ്യരായി ജീവിക്കാൻ പഠിക്കണമെന്നും നവ്യ വിദ്യാർത്ഥികളോട് പറഞ്ഞു.