തിരുവനന്തപുരം: പദ്മജ വേണുഗോപാലിന് തലസ്ഥാനത്ത് വൻ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ. അംഗത്വം സ്വീകരിച്ചതിന് ശേഷം കേരളത്തിലെത്തിയ പദ്മജയെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. സംസ്ഥാന നേതാക്കളായ എസ്. സുരേഷ്, പി സുധീർ, വി.ടി രമ, ഷോൺ ജോർജ്, കരമന ജയൻ എന്നിവരും സ്വീകരിക്കാനായി എത്തിയിരുന്നു.
ഇന്നലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കറിൽ നിന്നാണ് പദ്മജ അംഗത്വം സ്വീകരിച്ചത്. അവഗണന നേരിട്ടതിനെ തുടർന്നാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചതെന്ന് പദ്മജ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്മജയുടെ ബിജെപി പ്രവേശനം കോൺഗ്രസിന് തിരിച്ചടിയാകും.
കെ.പി.സി.സി ജനറൽ സെക്രട്ടറി, രാഷ്‌ട്രീയകാര്യ സമിതി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് എന്നീ ചുമതലകളിൽ പദ്മജ പ്രവർത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിലും പദ്മജ കോൺഗ്രസിനെ പ്രതിനിധീകരിച്ച് തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു.