ലക്നൗ : ഹിന്ദു യുവതിയെ നിർബന്ധിത മതപരിവർത്തനത്തിനിരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തരം തടവ് ശിക്ഷ . ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയായ മുഹമ്മദ് അനീസ് അഹമ്മദ് എന്നയാൾക്കാണ് ജീവപര്യന്തം തടവ് . മതപരിവർത്തന നിയമം, എസ്‌സി/എസ്‌ടി ആക്‌ട്, ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ബുലന്ദ്‌ഷഹറിലെ എസ്‌സി/എസ്‌ടി കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. കോടതി പ്രതിക്ക് 4.56 ലക്ഷം രൂപ പിഴയും വിധിച്ചു.
ഉത്തർപ്രദേശിലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമപ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്. മുഹമ്മദ് അനീസ് അഹമ്മദ് ആകാശ് എന്ന പേരിൽ ഡൽഹിയിലെ മംഗോൾപുരിയിൽ നിന്നുള്ള ദളിത് യുവതിയെ കബളിപ്പിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഏകദേശം എട്ട് മാസം മുമ്പ്, ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഗുലാത്തി പ്രദേശത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി വാടക വീട്ടിൽ താമസം തുടങ്ങി. വിവാഹത്തിന്റെ മറവിൽ പലതവണ യുവതിയുമായി ശാരീരികബന്ധം പുലർത്തിയിരുന്നു.
പിന്നീട് യുവാവ് നിർബന്ധിച്ച് യുവതിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയും , ആയിഷ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാൽ ഏറെ കഴിയും മുൻപ് യുവാവ് യുവതിയിൽ നിന്ന് 2.50 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച് നാടുവിട്ടു . യുവതി വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ ജാതി അധിക്ഷേപങ്ങൾ നടത്തുകയും , ഫോൺ വിച്ഛേദിക്കുകയും ചെയ്തു.
തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു . ഒരു മാസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചതായും അധികൃതർ ദ്രുതഗതിയിലുള്ള അന്വേഷണം നടത്തിയതായും അഡീഷണൽ പോലീസ് സൂപ്രണ്ട് അറിയിച്ചു















