തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി 101 ശതമാനം മനസോട് കൂടി പ്രവർത്തിക്കുമെന്ന് പദ്മജ വേണുഗോപാൽ. താൻ ആരുമല്ലെന്ന് സഹോദരൻ പറഞ്ഞതാണ് ഇതിനുള്ള കാരണമെന്നും പദ്മജ പറഞ്ഞു. ഇത്തരത്തിൽ പറഞ്ഞില്ലായിരുന്നെങ്കിൽ മനസ്സില്ലാ മനസോടെ സഹോദരന് വേണ്ടി പ്രവർത്തിക്കുമായിരുന്നെന്നും പദ്മജ പറഞ്ഞു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പദ്മജ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഞാൻ ഏത് പാർട്ടിയിലാണോ നിൽക്കുന്നത് അവർക്ക് വേണ്ടി പ്രവർത്തിക്കും. എന്റെ സഹോദരൻ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നെങ്കിൽ മനസ്സില്ലാ മനസോടെ തൃശൂരിൽ പ്രവർത്തിക്കുമായിരുന്നു. ഇപ്പോൾ ഞാൻ 101 ശതമാനം മനസോട് കൂടിയാണ് സുരേഷ്ഗോപിക്ക് വേണ്ടി തൃശൂർ പ്രവർത്തിക്കാൻ പോകുന്നത്. കാരണം, ഞാൻ ആരുമല്ലെന്ന് എന്റെ സഹോദരൻ പറഞ്ഞു. ഇനി പാർട്ടി പറയുന്നവർക്ക് വേണ്ടി പ്രവർത്തിക്കും.
കോൺഗ്രസിൽ സജീവമായി പ്രവർത്തിക്കുന്ന സമയത്താണ് രോഗങ്ങൾ വന്നത്. അത് എന്നെ ശാരീരികമായി ഒരുപാട് തളർത്തിയിരുന്നു. രോഗ വിവരങ്ങൾ ചേട്ടനുമായി പങ്കുവച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും മുരളി ചേട്ടന് അറിയാം. എന്നിട്ടും അദ്ദേഹം ഞാൻ രാഷ്‌ട്രീയത്തിൽ വർക്ക് ഫ്രം ഹോമായാണ് പ്രവർത്തിക്കുന്നതെന്ന് പരിഹസിച്ചു. സഹോദരി എന്ന ബന്ധം അവസാനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എൻസിപിയിലും മറ്റും പോയപ്പോഴും ഞാൻ അദ്ദേഹത്തെ സ്വന്തം ചേട്ടനായിട്ടു തന്നെയാണ് കണ്ടിരുന്നത്. എന്നോട് പാർട്ടി വിട്ടോളൂവെന്ന് ഉപദേശിച്ചതും ചേട്ടൻ തന്നെയാണ്.’- പദ്മജ വേണുഗോപാൽ പറഞ്ഞു.